കൊച്ചിന്‍ ഷിപ്പ്‌യാർഡിന് 39.3 കോടി രൂപ നാലാംപാദ ലാഭം

2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ (Q4FY23) കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സംയോജിത ലാഭം 86 ശതമാനം കുറഞ്ഞ് 39.3 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 274.6 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3 രൂപ എന്ന അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മൊത്ത വരുമാനവും ചെലവും

മാര്‍ച്ച് പാദത്തിലെ സംയോജിത പ്രവര്‍ത്തന വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 1,212.4 കോടി രൂപയില്‍ നിന്ന് 51 ശതമാനം കുറഞ്ഞ് 600.1 കോടി രൂപയായി. കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ മൊത്ത വരുമാനം മാര്‍ച്ച് പാദത്തില്‍ 671.3 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1324.2 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ മൊത്ത ചെലവ് 676.5 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 945.5 കോടി രൂപയായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷം

2022-23 സാമ്പത്തിക വര്‍ഷം കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സംയോജിത ലാഭം 304.7 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 563.9 കോടി രൂപയായിരുന്നു. 2022-23ല്‍ സംയോജിത പ്രവര്‍ത്തന വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 3453.7 കോടി രൂപയില്‍ നിന്നും 2571.5 കോടി രൂപയായി കുറഞ്ഞു. മൊത്ത ചെലവ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ 2685 കോടി രൂപയില്‍ നിന്നും 2022-23ല്‍ 2215.9 കോടി രൂപയായി കുറഞ്ഞു. ബി.എസ്.ഇയില്‍ ഇന്നലെ 0.45 ശതമാനം കുറഞ്ഞ് 543.80 രൂപയില്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികളുടെ വ്യാപാരം അവസാനിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it