കുതിച്ചു മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി; മൂന്ന് മാസത്തെ നേട്ടം 350%

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇനി യു.എസ് നേവി കപ്പലുകളുടെ അറ്റകുറ്റപ്പണിയും നിര്‍വഹിക്കും. ഇന്ത്യന്‍ ഓഷ്യന്‍ റീജിയണിലെത്തുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നേവി മാസ്റ്റര്‍ ഷിപ്പ്‌യാര്‍ഡ് റിപ്പയര്‍ എഗ്രിമെന്റില്‍ (എം.എസ്.ആര്‍.എ) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒപ്പുവച്ചു.

മിലിറ്ററി സീലിഫ്റ്റ് കമാന്‍ഡിനു കീഴില്‍ വരുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികളാണ് ഇതു വഴി നടത്തുക. യു.എസ് നേവിയുടെയും മിലിറ്ററി സീലിഫ്റ്റ് കമാന്‍ഡിന്റെയും വിശദമായ വിലയിരുത്തലിനു ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.

ഇന്ത്യന്‍ തീരത്തേക്ക് യു.എസ് നേവി കപ്പലുകള്‍ക്ക് കടന്നു വരാന്‍ അവസരമൊരുക്കുന്നതിനാല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും യു.എസ് നേവിയും തമ്മിലുള്ള ഇടപാടിന് വലിയ പ്രാധാന്യമുണ്ട്.

ഓര്‍ഡറുകളുടെ കരുത്ത്

നിലവിൽ നിരവധി ഓർഡറുകൾ കൊച്ചിൻ ഷിപ്‌യാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി 31ന് യൂറോപ്യന്‍ കമ്പനിയിൽ നിന്ന് ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ (SOV) രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനുമായുള്ള 500 കോടി രൂപയുടെ കരാറാണ് അവസാനത്തേത്.

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതുകൂടാതെ 22,000 കോടിയുടെ ഓര്‍ഡറുകള്‍ കമ്പനി സ്വന്തമാക്കുകയും 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ എതാണ്ട് ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.

ജനുവരിയിൽ കൊച്ചിയില്‍ 1,799 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ ഡ്രൈ ഡോക്ക് ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും (ഐ.എസ്.ആര്‍.എഫ്) കമ്പനി സ്ഥാപിച്ചിരുന്നു.

ഓഹരി കുതിച്ചു

യു.എസ് നേവിയുമായുള്ള കരാറിന് പിന്നാലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് 5.5 ശതമാനം ഉയര്‍ന്ന് 1,141.20 രൂപയിലെത്തി.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 106.35 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ 349.53 ശതമാനവും നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.

Related Articles
Next Story
Videos
Share it