ഇപ്പോഴത്തെ സ്റ്റോക്ക് തീര്‍ന്നാല്‍ മദ്യമില്ല, മദ്യവില്‍പ്പനശാലകള്‍ തുറന്നാലും രക്ഷയില്ല

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി. വിതരണക്കാരുടെ പക്കലുള്ള സ്‌റ്റോക്കുകള്‍ തീരുന്നതോടെ മദ്യം കിട്ടാനില്ലാത്ത സാഹചര്യം വരും. പുതിയ സ്റ്റോക്ക് എത്തിച്ച് വില്‍പ്പന തുടരാന്‍ ഒരു മാസമെങ്കിലും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്റ്റിലറികള്‍ ഒരു മാസമായി അടഞ്ഞുകിടക്കുന്നതുകൊണ്ട് സപ്ലൈ ചെയ്ന്‍ പഴയപടിയാക്കാന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ലോക്ഡൗണിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും മദ്യകമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളുട ഭാഗത്തുനിന്ന് വ്യക്തത വരാന്‍ കാത്തിരിക്കുകയാണ്. ഗ്രീന്‍, ഓറഞ്ച് സോണുകളിലും റെഡ് സോണുകളിലെ പ്രശ്‌നമില്ലാത്ത മേഖലകളിലുമാണ് ആഭ്യന്തരമന്ത്രാലയം മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ആറടി അകലം പാലിക്കുന്നുണ്ട് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശത്തിലുണ്ട്.

പ്രശ്‌നബാധിത പ്രദേശങ്ങളിലൊഴികെ ഡിസ്റ്റിലറികള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സുസജ്ജമായ പ്രവര്‍ത്തനം തുടങ്ങാനാകില്ല. ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂ. കര്‍ണ്ണാടകത്തില്‍ ഡിസ്റ്റിലറികള്‍ക്ക് ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഡിമാന്റ് കൂടുതലുള്ള സമയമായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ സപ്ലൈ ചെയ്‌നെ ബാധിക്കും.

രാജ്യത്ത് 70,000ത്തോളം മദ്യവില്‍പ്പനശാലകളാണുള്ളത്. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 130 എണ്ണം റെഡ് സോണിലും ആണുള്ളത്. ആസാം, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി ഏറെ കൂടുതലുള്ള മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യവില്‍പ്പന നേരത്തെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it