കോവിഡ് തൊഴില്‍ രഹിതരാക്കിയത് മൂന്നില്‍ രണ്ടു പേരെ; വിദേശനാണ്യത്തില്‍ മാത്രം 15,000 കോടി നഷ്ടം

കോവിഡ് 19 പോയ വര്‍ഷം തൊഴില്‍ രഹിതരാക്കിയത് കേരളത്തിന്റെ മൊത്തം തൊഴില്‍ശക്തിയുടെ 60 ശതമാനത്തിലധികം മനുഷ്യരെയാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും തൊഴില്‍രഹിതര്‍ പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്ത പുതുവര്‍ഷ വേള ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷ പകര്‍ന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കെ ജീവനോപാധികള്‍ ജീവിതത്തോട് ചേര്‍ത്തുപിടിച്ച് അതിജീവനത്തിന്റെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഒരുങ്ങുകയാണ് വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.

രാഷ്ട്രനിര്‍മാണത്തിന്റെ ചാലകശക്തി തൊഴിലാളികളാണെന്നിരിക്കെ തൊഴില്‍നഷ്ടം എന്നത് സമ്പദ് വ്യവസ്ഥയുടെയും നഷ്ടമാണ്. കോവിഡിനെ തുടര്‍ന്ന് ഒമ്പത് ലക്ഷത്തോളം പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നപ്പോള്‍ കേരളത്തിന് വിദേശനാണ്യത്തിലുണ്ടായ നഷ്ടം 15,000 കോടി വരെയാണെന്ന് സാമ്പത്തിക വിദഗ്ധനായ ബി എ പ്രകാശ് ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കണക്ക് പ്രകാരം 20.70 ലക്ഷം പ്രവാസി മലയാളികളാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 18.93 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വിദേശനാണ്യം കേരളത്തിന്റെ മൊത്തം ചെലവിനേക്കാളും അധികമാണ്. കോവിഡിന് തൊട്ടു മുമ്പത്തെ വര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് വിദേശഇന്ത്യക്കാര്‍ കേരളത്തിലേക്കയച്ച പണത്തിന്റെ കണക്ക്. താല്‍ക്കാലികമായും സ്ഥിരമായും തൊഴില്‍ നഷ്ടപ്പെട്ട് 8.7 ലക്ഷം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് മാത്രം മടങ്ങിയെത്തിയെന്നാണ് നോര്‍ക്കയുടെ കണക്ക്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍നഷ്ടമായി. 13.27 ലക്ഷം മലയാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തി. ഇതില്‍ 1.12 ലക്ഷം പേര്‍ തൊഴില്‍രഹിതരായി.
വിദേശ നാണ്യത്തിലുണ്ടായ ഇടിവ് റിയല്‍ എസ്റ്റേറ്റ്, ഉപഭോഗം, വിദ്യാഭ്യാസം, ആരോഗ്യം, വായ്പാ തിരിച്ചടവ് തുടങ്ങിയ മേഖലകളിലെല്ലാം തിരിച്ചടി സൃഷ്ടിച്ചു. മലപ്പുറം ജില്ലയിലാണ് ഇത് ഏറ്റവുമധികം പ്രതിഫലിച്ചതെങ്കില്‍ ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. ഏറ്റവുമധികം പ്രവാസി മലയാളികളുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് ഇടുക്കിയിലുമാണ്. 2018 ലെ കണക്കനുസരിച്ച് 4,06,054 പേരാണ് മലപ്പുറത്ത് നിന്ന് വിദേശത്ത് പോയിട്ടുള്ളത്. ഇടുക്കിയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 32,893 ആണ്.
സംസ്ഥാനത്തെ ആഭ്യന്തര തൊഴില്‍ശക്തിയുടെ മൂന്നില്‍ രണ്ടു മനുഷ്യര്‍ക്കും കോവിഡ് പ്രതിസന്ധിയില്‍ ജീവനോപാധികള്‍ നഷ്ടമായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വെ പ്രകാരം കേരളത്തില്‍ പ്രൈമറി സെക്ടറില്‍ 20.11 ശതമാനം പേരും സെക്കന്‍ഡറി സെക്ടറില്‍ 31.07 ശതമാനം പേരും തേര്‍ഡ് സെക്ടറില്‍ 48.82 ശതമാനവും പേര്‍ ജോലി ചെയ്യുന്നു. നഗര - ഗ്രാമ മേഖലകള്‍ തിരിച്ചാല്‍ കണക്ക് വ്യത്യസ്തമാകും. ഗ്രാമീണ മേഖലയില്‍ പ്രൈമറി സെക്ടറില്‍ 27 ശതമാനം പേരും സെക്കന്‍ഡറി സെക്ടറില്‍ 30.38 ശതമാനം പേരും തേര്‍ഡ് സെക്ടറില്‍ 42.59 ശതമാനം പേരും തൊഴിലെടുക്കുന്നു. എന്നാല്‍ നഗരമേഖലയില്‍ പ്രൈമറി സെക്ടറില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ഗ്രാമീണ മേഖലയേക്കാള്‍ വളരെ കുറവും തേര്‍ഡ് സെക്ടറില്‍ വളരെ കൂടുതലുമാണ്. നഗരമേഖലയില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥിരം ജോലികള്‍ ലഭിക്കുന്നതാണ് കാരണം.
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണോടെ സ്വയം തൊഴില്‍ ചെയ്യുന്നവരും സ്ഥിരം ജോലിക്കാരും ദിവസവേതനക്കാരുമടക്കം എല്ലാ മേഖലകളിലും പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. പ്രൈമറി സെക്ടറില്‍ മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 50 ശതമാനം തൊഴില്‍ നഷ്ടം സംഭവിച്ചതായാണ് കണക്ക്. സെക്കന്‍ഡറി സെക്ടറില്‍ വ്യാപാരം, വര്‍ക്ക്‌ഷോപ്പുകള്‍, ഗതാഗതം, ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ധനകാര്യം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, കല, വിനോദം, കായികം എന്നിവയടക്കം പകുതിയിലേറെ പേര്‍ക്ക് തൊഴില്‍നഷ്ടം സംഭവിച്ചു. തേര്‍ഡ് സെക്ടറിലും 50 ശതമാനത്തിലധികമാണ് തൊഴില്‍നഷ്ടം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍, ദിവസവേതനക്കാരും ഉള്‍പ്പെടുന്ന അനൗദ്യോഗിക മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ലോക്ഡൗണ്‍ വേളയിലും അതിന് ശേഷവും തൊഴിലില്ലാതായി. ഈ മേഖലയില്‍ 37.8 ശതമാനം സ്വയംതൊഴില്‍ ചെയ്യുന്നവരും 29.3 ശതമാനം ദിവസവേതനക്കാരുമാണ്.
കോവിഡ് പ്രതിസന്ധി ബാധിക്കാതിരുന്നത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഓഫീസുകൡലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും യൂണിവേഴ്‌സിറ്റികളിലെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ്.
കോവിഡ് വീണ്ടും വെല്ലുവിളിയുയര്‍ത്തുമ്പോള്‍ കേരളത്തിന്റെ തൊഴില്‍ശക്തിയും സമ്പദ്‌വ്യവസ്ഥയും ഒരിക്കല്‍ കൂടി വെല്ലുവിളിക്കപ്പെടുകയാണ്. പ്രതിവിധി ഇത് മാത്രമേയുള്ളൂ- ജാഗ്രത, സാമൂഹിക അകലം, മാസ്‌ക്, വാക്‌സിനേഷന്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it