ക്ലിയർ ട്രിപ്പിൽ കണ്ണുനട്ട് ഫ്ലിപ്കാർട്ട്

ഓൺലൈൻ യാത്രാ കമ്പനിയായ ക്ലിയർ ട്രിപ്പിനെ സ്വന്തമാക്കാനൊരുങ്ങി ഇകൊമേഴ്സ് ഭീമൻ ഫ്ളിപ്കാർട്ട് . മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ യാത്രാ കമ്പനിയായ ക്ലിയർ ട്രിപ്പിൻ്റെ ഓഹരികൾ വാങ്ങുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ചർച്ചകൾ നടത്തുന്നതായി വാർത്താ വെബ്സൈറ്റ് മണി കണ്ട്രോൾ റിപ്പോർട്ട് ചെയ്തു.

ഓൺലൈൻ യാത്രാ വ്യവസായരംഗത്തെ എതിരാളികളായ മേക് മൈ ട്രിപ്പ്, യാത്ര, ബുക്കിംഗ് ഡോട് കോം, ഈസ് മൈ ട്രിപ്പ് തുടങ്ങിയ കമ്പനികളോട് മത്സരിക്കാനാണ് യുഎസ് റീട്ടെയിൽ ഭീമന്മാരായ ഫ്ലിപ്കാർട്ടിൻ്റെ ഈ നീക്കം. ഫ്ലിപ്കാർട്ടുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും, ക്ലിയർ ട്രിപ്പിൻ്റെ ഭൂരിപക്ഷം ഓഹരികളും വിൽക്കുന്നതിനാണ് കരാറെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌ മണി കണ്ട്രോൾ വ്യക്തമാക്കി.

ഇന്ത്യ കൂടാതെ യുഎഇ, സൗദി അറേബ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും പ്രവർത്തനമേഖലയുള്ള ക്ലിയർ ട്രിപ്പ്, കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര, വിദേശ യാത്രകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് പ്രതിസന്ധിക്ക് കാരണം.

2018 ൽ 16 ബില്യൺ ഡോളറിനാണ് ഫ്ലിപ്കാർട്ടിൻ്റെ 77 ശതമാനം ഓഹരി വാൾമാർട്ട് സ്വന്തമാക്കിയത്. ഇത് ഇ-കൊമേഴ്സ് രംഗത്ത് ആമസോണുമായുള്ള മത്സരം ശക്തമാക്കി.

റീട്ടെയിൽ, ഫുഡ് ഡെലിവറി, യാത്ര തുടങ്ങി എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനാണ് ഫ്ലിപ്കാർട്ട്, ആമസോൺ, പേടിഎം തുടങ്ങിയ ഇ-കോമേഴ്സ് കമ്പനികൾ ലക്ഷ്യമിടുന്നത്. ആമസോണും പേടിഎമ്മും ഓൺലൈൻ യാത്രാ വ്യവസായരംഗത്ത് പ്രവേശിച്ചു കഴിഞ്ഞു. 2019 ൽ ആമസോൺ-ഇന്ത്യ ക്ലിയർ ട്രിപ്പുമായി ചേർന്ന് അവരുടെ പെയ്മെൻറ് സേവനമായ ആമസോൺ-പേ യിലേക് ഫ്ലൈറ്റ് ബുക്കിങ് ഓപ്ഷൻ ഉൾപ്പെടുത്തിയിരുന്നു. 2018 ഏപ്രിലിലാണ് ഫ്ലിപ്കാർട്ട് മേക് മൈ ട്രിപ്പിൻ്റെ പങ്കാളിത്തത്തോടെ ഓൺലൈൻ യാത്രാ രംഗത്തേക്ക് കടന്നത്.

ക്ലിയർ ട്രിപ്പിനെ സ്വന്തമാക്കുന്നതോടുകൂടി, ഓൺലൈൻ യാത്രാ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഫ്ലിപ്കാർട്ടിന് കഴിയും. എയർലൈനുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും നേരിട്ട് ബിസിനസ്സിൽ ഏർപ്പെടാൻ കഴിയുന്ന പുതിയ ബ്രാൻഡിൻ്റെ തുടക്കമായിരിക്കും ഇത്.

ക്ലിയർ ട്രിപ്പിൻ്റെ പ്രധാന നിക്ഷേപകരായ കോൺകർ ടെക്നോളജിസ്, ഡിഎജി വെഞ്ചേഴ്സ്, ഗുണ്ട് ഇൻവസ്റ്റ്മെന്റ് കോർപറേഷൻ എന്നിവക്ക് ഈ കരാറിലൂടെ പുറത്തു കടക്കാൻ കഴിയും. പ്രമുഖ ജർമ്മൻ കമ്പനിയായ എസ്എപി ആണ് കോൺകർ ടെക്നോളജിയെ പിന്തുണയ്ക്കുന്നത്.

രണ്ടു കമ്പനികളും തമ്മിൽ കരാർ സംബന്ധമായ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും വിശദമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

പുതിയ ഡീലുകൾ ഉറപ്പിച്ചുകൊണ്ട് സമീപകാലത്ത് ഇ-കോമേഴ്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഫ്ലിപ്കാർട്ട് നടത്തിയിട്ടുള്ളത്. 2020 ഒക്ടോബറിൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിന്റെ 7.8 ശതമാനം ഓഹരി 1500 കോടി രൂപക്കാണ് ഫ്ലിപ്കാർട്ട് ഏറ്റെടുത്തത്. ഇതിനു മൂന്നു മാസം മുമ്പ് അരവിന്ദ് ഫാഷൻസിന്റെ ഭാഗമായ അരവിന്ദ് യൂത്ത് ബ്രാൻഡിൽ 260 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി സ്ഥാപനമായ സ്‌കേപിക്, സോഷ്യൽ മീഡിയ ഗെയിമിങ് സ്റ്റാർട്-അപ്പ് മെക്ക് മോച്ച എന്നിവയും ഫ്ലിപ്കാർട്ട് സ്വന്തമാക്കിയിരുന്നു.


Related Articles
Next Story
Videos
Share it