3750 കോടിയുടെ നിക്ഷേപം, ന്യൂജെന്‍ മാർക്കറ്റിങ്ങിലൂടെ പ്രശസ്തമായ ത്രാസിയോ ഇന്ത്യയിലേക്ക്

ന്യൂജന്‍ സംരംഭകര്‍ക്കിടയില്‍ ത്രാസിയോ മോഡല്‍ എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. വെറും ആറുമാസം കൊണ്ട് മെന്‍സ ബ്രാന്‍ഡ് യുണീകോണായപ്പോള്‍, അവര്‍ പിന്തുടര്‍ന്നിരുന്ന ത്രാസിയോ ബിസിനസ് മോഡലും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ശരിക്കുള്ള ത്രാസിയോ ഹോള്‍ഡിംഗ്‌സ് ഇന്ത്യയിലേക്ക് എത്തുകയാണ്. ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി തന്നെയാണ് ത്രാസിയോയുടെയും ലക്ഷ്യം

ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ലൈഫ്‌ലോങ് ഓണ്‍ലൈനെ ത്രാസിയോ ഏറ്റെടുത്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമായ ബ്രാന്‍ഡുകളുമായി സഹകരിച്ച് അവരുടെ വിപണി വര്‍ധിപ്പിക്കുകയാണ് ത്രാസിയോ ചെയ്യുന്നത്. ഇതിനായി ബ്രാന്‍ഡുകളെ പൂര്‍ണമായി ഏറ്റെടുക്കുകയോ പങ്കാളികളാവുകയോ ചെയ്യും. സഹകരിക്കുന്ന സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, വിതരണം, ടെക്നോളജി, വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ സാന്നിധ്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ത്രാസിയോ, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കും. ഉപഭോക്താക്കളുടെ റേറ്റിംഗും റിവ്യൂവും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇവരുടേത്.
2018ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി ആരംഭിച്ച ത്രാസിയോ ഹോള്‍ഡിംഗ്സിന്റെ തുടക്കം ആമസോണില്‍ വില്‍പ്പനയ്ക്കെത്തുന്ന വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ചുകൊണ്ടായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 200ല്‍ അധികം ബ്രാന്‍ഡുകളെയാണ് ത്രാസിയോ ഏറ്റെടുത്തത്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിന് ഇന്ത്യയില്‍ 3750 കോടി രൂപയാണ് ത്രാസിയോ ചെലവഴിക്കുക. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
മെന്‍സ ബ്രാന്‍ഡ്സ്, ഗ്ലോബല്‍ബീസ് തുടങ്ങിയ കമ്പനികളായിരിക്കും ത്രാസിയോയുടെ പ്രധാന എതിരാളികള്‍. വമ്പന്‍ ബ്രാന്‍ഡുകളുമായി മത്സരിക്കുന്ന മികച്ച ഉല്‍പ്പന്ന നിരയുള്ള ചെറു ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ത്രാസിയോയുമായി സഹകരിച്ച് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായേക്കും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it