സ്‌പെഷ്യലൈസ് ചെയ്യൂ, അല്ലെങ്കില്‍ ജോലി വിടാന്‍ തയ്യാറായിക്കൊള്ളൂ: ടെക്കികള്‍ക്ക് മുന്നറിയിപ്പ്

സാങ്കേതിക വിദ്യകളിലെ മാറ്റങ്ങള്‍ പോലെ തന്നെ ഐറ്റി രംഗത്തെ തൊഴിലുകളുടെ സ്വഭാവവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിദേശത്തും സ്വദേശത്തും ഉള്ള ക്ലയന്റുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് നല്‍കുന്നതിലായിരുന്നു ഇതുവരെ ഇന്ത്യന്‍ ഐറ്റി കമ്പനികളുടെ ശ്രദ്ധ. എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പിറവിയെടുത്തതോടെ മേല്‍പ്പറഞ്ഞ ജോലി ചെയ്തിരുന്ന 'ജനറലിസ്റ്റു'കള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി യൂറോപ്പിലും യുഎസ്സിലുമുള്ള ബിസിനസുകള്‍ പരമ്പരാഗത രീതികളില്‍ നിന്ന് മാറി ക്ലൗഡ് കമ്പ്യൂട്ടിങ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീവയിലേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. ഇതോടെ ഈ രാജ്യങ്ങളിലെ ബിസിനസുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനം നല്‍കിയിരുന്ന ഇന്ത്യന്‍ കമ്പനികളും തങ്ങളുടെ ബിസിനസ് മോഡലിലും സേവങ്ങളിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി.

ഡെലിവറി മോഡല്‍ ബിസിനസില്‍ നിന്ന് 'ഇന്നവേഷനി'ലേയ്ക്ക് ശ്രദ്ധ തിരിച്ചതോടെ ഇപ്പോള്‍ കമ്പനികള്‍ തേടുന്നത് പുതു സാങ്കേതിക വിദ്യകളില്‍ പ്രാഗല്‍ഭ്യമുള്ള സ്‌പെഷ്യലിസ്റ്റുകളെയാണ്. ഡേറ്റ സയന്റിസ്റ്റുകള്‍, ക്ലൗഡ് ആര്‍ക്കിറ്റെക്ട്, സ്റ്റോറേജ് സിസ്റ്റംസ് & മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ന്യുറല്‍ നെറ്റ്‌വര്‍ക്ക് വിദഗ്ധര്‍ എന്നിവര്‍ക്കായി കമ്പനികള്‍ പരക്കം പായുകയാണ്. തൊഴില്‍ വിപണിയിലാകട്ടെ ഇത്തരം സ്‌പെഷ്യലിസ്റ്റുകളുടെ കടുത്ത ക്ഷാമമാണ്.

പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഐറ്റി മേഖലയിലെ തൊഴിലുകളും മാറ്റത്തിന്റെ പാതയിലാണെന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ മാനേജ്‌മെന്റ് പ്രൊഫഷണലായ വിവേക് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയുടെ ഉപയോഗം ബിസിനസ് രംഗത്തേയ്ക്ക് കടന്നതോടെ, പുതിയ തൊഴില്‍ മേഖലകള്‍ തന്നെ സൃഷ്ടിക്കപ്പെട്ടു. 2016 ന്റെ അവസാനം വരെ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്ന 'ജനറലിസ്റ്റു'കളെയായിരുന്നു കമ്പനികള്‍ക്കാവശ്യം. ഇനി 'സ്‌പെഷ്യലിസ്റ്റു'കളുടെ കാലമാണ്. മാത്രമല്ല, കമ്പനികള്‍ നിലവിലുള്ള ജീവനക്കാരെ പുതിയ ടെക്‌നോളജികളെക്കുറിച്ച് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് ഓട്ടോമേഷന്റെ യുഗമാണെന്നാണ് കെപിഎംജി ഗ്ലോബലിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ ദീപക് തേജോമയയുടെ അഭിപ്രായം. കാലം മാറിയതോടെ ഓട്ടോമേഷന്‍ എന്ന വാക്കിന്റെ നിര്‍വചനവും മാറി. 20 വര്‍ഷം മുന്‍പ് ഓട്ടോമേഷന്‍ എന്തായിരുന്നോ അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്ന് നാം കാണുന്ന ഓട്ടോമേഷന്‍. അതുകൊണ്ടുതന്നെ മാറുന്ന ടെക്‌നോളജിക്കനുസരിച്ച് ആവശ്യങ്ങളും മാറും. പുതിയ മേഖലകളില്‍ അറിവുള്ളവരെ എപ്പോഴും കമ്പനികള്‍ക്കാവശ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം ഇന്നത്തെ തൊഴില്‍ വിപണിയില്‍ അവര്‍ക്കുള്ള ഡിമാന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. റിക്രൂട്ട്‌മെന്റ് കമ്പനിയായ 'ബിലോങ്' പുറത്തിറക്കിയ ടാലന്റ് സപ്ലൈ ഇന്‍ഡക്‌സ് (TSI) പ്രകാരം ക്ലൗഡ് ആര്‍ക്കിറ്റെക്ട്, സ്റ്റോറേജ് സിസ്റ്റംസ് & മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ആര്‍ക്കിറ്റെക്ട് എന്നിവരുടെ സ്‌കോര്‍ 0.2 ആണ്. അതായത് 10 ക്ലൗഡ് ആര്‍ക്കിറ്റെക്ട് ജോലി ഒഴിവുകള്‍ ഉണ്ടെങ്കില്‍ വെറും രണ്ട് പേര്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഡേറ്റ സയന്റിസ്റ്റുകളുടെ സ്‌കോര്‍ 2017 ല്‍ 0.7 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 0.2 ആണ്. ഡിമാന്‍ഡ് 400 ശതമാനം ഉയര്‍ന്നു എന്നാല്‍ സപ്ലൈ വെറും 19 ശതമാനം വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂറല്‍ നെറ്റ്‌വര്‍ക്ക് വിദഗ്ധരുടെ സ്‌കോര്‍ 0.4 ഉം ബ്ലോക്ക്‌ചെയ്ന്‍ ഡെവലപ്പര്‍മാരുടേത് 0.5 ഉം ആണ്. ഒന്നിന് താഴെയുള്ള ഏത് സ്‌കോറും ടാലന്റ് സപ്ലൈ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്.

ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. ഇനിയുള്ള നാളുകളില്‍ രാജ്യത്തെ ഐറ്റി മേഖല വളര്‍ച്ച നേടണമെങ്കില്‍ ദ്രുതഗതിയിലുള്ള നൈപുണ്യ വികസനം ഇല്ലാതെ പറ്റില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it