ബാത്ത്‌റൂം സിങ്കുമായി ആളെത്തി, ഒടുവില്‍ ട്വിറ്റര്‍ മസ്‌കിന്റെ കൈകളിലേക്ക്
ലോകത്തെ സമ്പന്നന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുപ്പ് അവസാന ഘട്ടത്തില്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ വാങ്ങുന്നതിന്റെ ഭാഗമായി മസ്‌ക് ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ബാത്ത്‌റൂം സിങ്കുമായി ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസിലേക്ക് പ്രവേശിക്കുന്ന വീഡിയോ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Entering Twitter HQ – let that sink in! pic.twitter.com/D68z4K2wq7
— Elon Musk (@elonmusk) October 26, 2022
ട്വിറ്ററില്‍ ഒരുപാട് നല്ല മനുഷ്യരെ കാണാന്‍ സാധിച്ചെന്നും മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു. ഒക്ടോബര്‍ 28ന് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും എന്നാണ് റിപ്പോര്‍ട്ട്. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. സെക്കോയ ക്യാപിറ്റല്‍, ബിനാന്‍സ്, ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പടെയുള്ളവരും ഇടപാടില്‍ സഹനിക്ഷേപകരായി ഉണ്ട്.
ട്വിറ്റര്‍ ഡീല്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കമ്പനിയിയെ മസ്‌ക് എങ്ങനെയാവും പുനക്രമീകരിക്കുക എന്നതാണ് മേഖല ഉറ്റുനോക്കുന്നത്. അമിത വില നല്‍കിയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് വരുമാനം ഉയര്‍ത്താനാവും മസ്‌ക് ശ്രമിക്കുക. ഇടപാട് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചനയും ഉണ്ട്. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിയാല്‍ 3 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്ന് മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്ററിന്റെ ഇന്ത്യന്‍ സിഇഒ പരാഗ് അഗര്‍വാളും ട്വിറ്ററില്‍ നിന്ന് പുറത്തായേക്കും. 2021ല്‍ 30.4 മില്യണ്‍ ഡോളറായിരുന്നു പരാഗ് അഗര്‍വാളിന് ശമ്പളമായി ലഭിച്ചത്.