ട്വിറ്ററിന് നല്‍കുന്നത് അധിക വിലയെന്ന് മസ്‌ക്, 75 % ജീവനക്കാരെയും പിരിച്ചുവിട്ടേക്കും
അമിത വില നല്‍കിയാണ് ട്വിറ്ററിനെ (Twitter) ഏറ്റെടുക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് (Elon Musk). അതേ സമയം ട്വിറ്റര്‍ വാങ്ങുന്നത് സംബന്ധിച്ച് തനിക്ക് ആകാംക്ഷയുണ്ടെന്നും ഇപ്പോഴുള്ളതിനെക്കാള്‍ മൂല്യം ഭാവിയില്‍ കമ്പനിക്കുണ്ടാവുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ (Tesla) ഈ വര്‍ഷത്തെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മസ്‌ക്.
44 ബില്യണ്‍ ഡോളറിനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ മസ്‌ക് സ്വന്തമാക്കുന്നത്. കമ്പനിയെ ഏറ്റെടുക്കുന്നതിന് പിന്നാലെ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും മസ്‌ക് പിരിച്ചുവിട്ടേക്കുമെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ ഇടപാടില്‍ മസ്‌കുമായി സഹകരിക്കുന്ന നിക്ഷേപകരോടാണ് ഇക്കാര്യം പറഞ്ഞതെന്നും പത്രം പറയുന്നു. ഏകദേശം 7,500 ജീവനക്കാരാണ് ട്വിറ്ററിലുള്ളത്.
വിപണി മൂല്യത്തില്‍ ആപ്പിളിനെയും സൗദി അരാംകോയെയും ടെസ് ല മറികടന്നേക്കാമെന്നും മസ്‌ക് പറഞ്ഞു. നിലവില്‍ 700 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ടെസ്‌ലയ്ക്കുള്ളത്. യാഥാക്രമം 2.3 ട്രില്യണ്‍ ഡോളര്‍, 2.1 ട്രില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ആപ്പിളിന്റെയും സൗദി അരാംകോയുടെയും വിപണി മൂല്യം. 5-10 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ തിരിച്ചുവാങ്ങാനുള്ള ശേഷി ടെസ്‌ലയ്ക്കുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. അടുത്ത വര്‍ഷം കമ്പനി ഓഹരികള്‍ തിരിച്ചുവാങ്ങിയേക്കും.
നടപ്പ് സാമ്പത്തിക വര്‍ഷം ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ ടെസ് ലയുടെ ലാഭം ഇരട്ടിയിലധികം ഉയര്‍ന്നു. 3.29 ബില്യണ്‍ ഡോളറിന്റെ അറ്റവരുമാനം ആണ് ടെസ് ല നേടിയത്. അതേ സമയം ഈ വര്‍ഷം ഇതുവരെ 48 ശതമാനത്തിലധികം ഇടിവാണ് ടെസ്‌ലയുടെ ഓഹരി വിലയിലുണ്ടായത്. നിലവില്‍ 207.28 ഡോളറാണ് ടെസ് ല ഓഹരികളുടെ വില.