മസ്‌കിന്റെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

ഇന്ത്യയില്‍, സ്റ്റാര്‍ലിങ്കിന്റെ (Starlink) പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ടെലികമ്മ്യൂണിക്കേഷന്‍ ഡപാര്‍ട്ടുമെന്റുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇലോണ്‍ മസ്‌കിന്റെ (Elon Musk) ബഹിരാകാശ കമ്പനി സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.

ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സിന് സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കും. രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ നല്‍കാന്‍ GMPCS ( Golbal Mobile Personal Communication by Satellite) ലൈസന്‍സ് ആവശ്യമാണ്. 20 വര്‍ഷത്തേക്കാണ് കേന്ദ്രം ലൈസന്‍ അനുവദിക്കുക. കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ലഭിക്കാതെ തന്നെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കമ്പനിക്ക് ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു. 5000ല്‍ അധികം പ്രീബുക്കിംഗുകളായിരുന്നു അന്ന് സ്റ്റാര്‍ലിങ്കിന് ലഭിച്ചത്.

ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ് (Oneweb), ജിയോ സാറ്റ്‌ലൈറ്റ് (Jio Satelliteഎന്നീ കമ്പനികളോടും സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇരു കമ്പനികളും സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനം എടുത്തിട്ടില്ല. സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കണമെന്നാണ് ജിയോയുടെയും വോഡാഫോണ്‍ ഐഡിയയുടെയും നിലപാട്.

മേഖലയിലെ നിയമങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്തുന്ന ബഹിരാകാശ പോളിസി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. പോളിസുയെ കരട് പുറത്തിറങ്ങാന്‍ ആണ് ടെലികോം കമ്പനികളും കാത്തിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ മേഖലകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാറ്റ്‌ലൈറ്റ് വഴി സാധിക്കും. 2025ഓടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ (Space Economy) 13 ബില്യണ്‍ ഡോളറിന്റേതാവും എന്നാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it