ചെറുകിട സംരംഭകരേ, പലിശ ധനസഹായ കാലാവധി ഡിസംബര്‍ വരെ നീട്ടി

കോവിഡ് രണ്ടാം തരംഗം ചെറുകിട വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 1416 കോടി രൂപയുടെ സമാശ്വാസ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പദ്ധതി. വ്യവസായ മന്ത്രി പി.രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.

സഹായ പദ്ധതിയുടെ സവിശേഷതകള്‍
$ വ്യവസായ ഭദ്രത സ്‌കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.

$ എല്ലാ ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും.

$ സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും. അര്‍ഹരായ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി 20 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.

$ വ്യവസായ പിന്നോക്ക ജില്ലകളിലും മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്‌സിഡി 30 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം ആയി ഉയര്‍ത്തി.

$ മുന്‍ഗണനാ വ്യവസായ സംരംഭങ്ങളായ റബര്‍, കൃഷി, ഭക്ഷ്യസംസ്‌കരണം, വസ്ത്ര നിര്‍മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനം, ഉപകരണ നിര്‍മാണം, ബയോടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകള്‍, ജൈവ- കീടനാശിനി നിര്‍മാണയൂണിറ്റുകള്‍ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്‌സിഡിയായി ലഭിക്കും.

$ നാനോ വ്യവസായ യൂണിറ്റുകള്‍ക്ക് 60 കോടി രൂപയുടെ ധനസഹായം നല്‍കും. നാനോ യൂണിറ്റുകളില്‍ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കാണ് നിലവില്‍ പലിശ സബ്‌സിഡി. ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കും ലഭ്യമാക്കും.

$ കെ എസ് ഐ ഡി സിയില്‍ നിന്ന് വായ്പ എടുത്ത തുക ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെ എക്കൗണ്ടില്‍ ബാഡ് ഡെറ്റ് രേഖപ്പെടുത്തില്ല.

$ കെ എസ് ഐ ഡി സി വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഈ മാസം വരെ നീട്ടി. മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കും.

$ ചെറുകിട - സൂക്ഷ്മ- ഇടത്തരം സംരംഭകര്‍ക്കായി അഞ്ച് ശതമാനം പലിശയില്‍ 100 കോടി് രൂപ വായ്പയായി നല്‍കും.

$ തിരിച്ചെത്തിയ പ്രവാസികള്‍ക്ക അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it