ഫെബ്രുവരി ഒന്നു മുതല്‍ ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ വര്‍ധിക്കും

ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (Trai) ഉത്തരവ് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനം വര്‍ധിക്കുമെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതിയില്‍ അന്തിമ വാദം നടക്കും.

തല്‍ക്കാലം നിരക്ക് വര്‍ധന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വീണ്ടും ട്രായിയെ സമീപിച്ചിട്ടുണ്ട്. നവംബറില്‍ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടിവി ചാനലിന്റെ വില 12 രൂപയില്‍ നിന്ന് 19 രൂപയായി വര്‍ധിച്ചു. കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുവെന്നും ഇത് പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇനിയും വര്‍ധിക്കുമെന്ന് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (AIDCF) മുമ്പ് പറഞ്ഞിരുന്നു.

കൂടാതെ തുടര്‍ച്ചയായ ബിസിനസ് നഷ്ടം മൂലം കേബിള്‍ ടിവി വ്യവസായത്തില്‍ ഏകദേശം 150,000 പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്കായി ചാനലുകളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ഇത്തരത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ റെഗുലേറ്റര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്ന് ജനുവരി 25 ന് ട്രായിക്ക് അയച്ച കത്തില്‍ കേബിള്‍ ഫെഡറേഷന്‍ പറഞ്ഞു. കൂടാതെ സര്‍വേകള്‍ നടത്താനും അതിനനുസരിച്ച് ചാനലുകളുടെ വില രൂപപ്പെടുത്താനും വിതരണക്കാര്‍ക്ക് ആവശ്യമായ സമയം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

Related Articles
Next Story
Videos
Share it