Begin typing your search above and press return to search.
ഫെബ്രുവരിയില്‍ പത്താം ദിനവും ഇന്ധനവില കൂടി
ഫെബ്രുവരിയില്‍ പത്താം തവണയും പെട്രോളിനും ഡീസലിനും വില കൂടി. ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ മാത്രമേ എണ്ണ വില കുറയ്ക്കലിന് വഴി തെളിയുകയുള്ളു.
ഇന്ധനവില വര്‍ധനവ് മാത്രമല്ല, പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്ക്കുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എല്‍പിജി സിലിണ്ടറിന് വില കൂട്ടുന്നത്.
രാജ്യത്ത് ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ നവംബര്‍ 19 മുതലായിരുന്നു പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Next Story
Videos