100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ അംഗത്വം തിരിച്ചുപിടിച്ച് അദാനി, എന്നിട്ടും ക്ഷീണം തുടരുന്നു

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പതിനായിരം കോടി ഡോളര്‍ (100 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള വ്യക്തികളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി.

2023ന്റെ ആദ്യ ദിവസങ്ങളില്‍ അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ആദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തിയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. ഇന്നലത്തെ വ്യപാരത്തിനിടെയാണ് ആദാനിയുടെ സമ്പത്ത് 270 കോടി ഡോളര്‍ വര്‍ധിച്ച് 10,070 കോടി ഡോളറിലെത്തിയത് (ഏകദേശം 8.35 ലക്ഷം കോടി രൂപ).
അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ ലാഭത്തില്‍ 130 ശതമാനം വര്‍ധന നേടിയതോടെ ഓഹരികള്‍ കഴിഞ്ഞ എട്ട് ദിവസമായി ഉയര്‍ച്ചയിലാണ്. ഓഹരികള്‍ നേട്ടത്തിലായതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ ലോകത്തെ 12-ാമത്തെ അതിസമ്പന്നനായി മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ ഇടം പിടിച്ചിരിക്കുകയാണ് ഗൗതം അദാനി. മുകേഷ് അംബാനിയുടെ ആസ്തി ഈ മാസം ആദ്യം റെക്കോഡ് ഉയര്‍ച്ചയിലെത്തിയിരുന്നു.
തിരിച്ചു പിടിക്കാന്‍ ഇനിയും
അതേ സമയം 2022ലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ നിന്ന് ഇപ്പോഴും 5,000 കോടി ഡോളര്‍ താഴ്ചയിലാണ് ഗൗതം അദാനിയുടെ സമ്പത്ത്. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നിതിനു ശേഷം ആ മാസത്തില്‍ അദാനിയുടെ സമ്പത്ത് 8,000 കോടി ഡോളറോളം ഇടിഞ്ഞിരുന്നു. ആദാനി സാമ്രാജ്യത്തിന്റെ വിപണി മൂല്യം ഒരു സമയത്ത് 15,000 കോടി ഡോളറോളം നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. വന്‍ മൂലധന ചെലവഴിക്കലുകള്‍ നടത്തിയും നിക്ഷേപകരെ തിരികെ ആകര്‍ഷിച്ചും കടം മുന്‍കൂര്‍ വീട്ടിയുമൊക്കെയാണ് ആ സാഹചര്യത്തെ അദാനി ഗ്രൂപ്പ് മറികടന്നത്.
നിക്ഷേപം ആകര്‍ഷിക്കുന്നു
കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ നിക്ഷേപകനായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികളിലായി 4,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. കൂടാതെ അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 5 കോടി ഡോളറും ടോട്ടല്‍ എനര്‍ജീസ് 3 കോടി ഡോളറും സംയുക്ത സംരംഭത്തിനായി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
പുതുതായി അദാനി ഗ്രീന്‍ വിദേശത്ത് നിന്ന് ഡോളര്‍ ബോണ്ട് വഴി 5 കോടി ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം ആദ്യമായാണ് കമ്പനി വിദേശത്ത് ബോണ്ട് ഇറക്കുന്നത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള അന്വേഷണം ഉടന്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി സെബിക്ക് ഉത്തരവ് നല്‍കിയതും അദാനി ഓഹരികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it