ഗോവ പുതിയ തായ്‌ലന്റ് ആകും, കൂര്‍ഗ് പുതിയ സ്വിറ്റ്‌സര്‍ലന്റും: ഒയോയുടെ റിതേഷ് അഗര്‍വാള്‍ പറയുന്നു

ഹോസ്പിറ്റാലിറ്റി രംഗത്തെ താരമായിരുന്ന ഒയോയ്ക്ക് കൊറോണ വൈറസ് കനത്ത തിരിച്ചടിയാണ് കൊടുത്തത്. ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ബാധിച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ഒയോ അതിന്റെ ഏറ്റവും ദുര്‍ഘടം പിടിച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യാത്രകള്‍ ഇല്ലാതായതോടെ ടൂറിസം & ഹോസ്പിറ്റാലിറ്റി മേഖല പൂര്‍ണ്ണമായും നിശ്ചലമായി. എന്നാല്‍ തോറ്റ് അടിയറവ് പറയാന്‍ തയാറല്ലെന്നാണ് ഒയോയുടെ സ്ഥാപകനായ റിതേഷ് അഗര്‍വാളിന്റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്.

ഈ സാഹചര്യത്തില്‍ തന്റെ ബിസിനസ് തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് 27കാരനായ റിതേഷ് അഗര്‍വാളിന് വ്യക്തമായി. ഇപ്പോഴത്തെ പ്രതിസന്ധി ട്രാവല്‍, ഏവിയേഷന്‍ മേഖലകളെയാണ് ഏറ്റവും ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിമാനത്തില്‍ പോകുന്ന യാത്രകള്‍ക്ക് പകരം ഡ്രൈവ് ചെയ്ത് പോകുന്ന വാരാന്ത്യയാത്രകള്‍ പോലുള്ളവയില്‍ ശ്രദ്ധയൂന്നുകയാണ് തങ്ങളെന്ന് റിതേഷ് അഗര്‍വാള്‍ പറയുന്നു. ഈയിടെ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തനരീതി മാറ്റുന്നു

ആളുകള്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഡ്രൈവ് ചെയ്ത് പോയി വരാവുന്ന വാരാന്ത്യയാത്രകള്‍ക്ക് പറ്റിയ ടൂറിസം കേന്ദ്രങ്ങള്‍ അവസരമാക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. '' കൂര്‍ഗ് ആയിരിക്കും പുതിയ സ്വിറ്റ്‌സര്‍ലന്റ്, ഗോവയായിരിക്കും പുതിയ തായ്‌ലന്റ്. ഈ ട്രെന്‍ഡുകള്‍ കൃത്യമായി ഞങ്ങള്‍ക്ക് കൃത്യമായി പ്രവചിക്കാന്‍ സാധിച്ചാല്‍ മാര്‍ക്കറ്റ് വലുപ്പം കുറയുന്ന സാഹചര്യത്തില്‍ ഞങ്ങളുടെ മോഡല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കും.'' റിതേഷ് അഗര്‍വാള്‍ പറയുന്നു.

കൊറോണവൈറസ് പ്രതിസന്ധി വരുന്നതിന് മുമ്പ് ഒയോ ഹോട്ടലുകളുടെ പരാതികള്‍, വൈകുന്ന പേയ്‌മെന്റ്, ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി വെല്ലുവിളികളില്‍ നിന്ന് തിരിച്ചുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു. ജനുവരി 2020ഓടെ ഒയോ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ പ്രതിസന്ധി വരുന്നത്. ആഗോളതലത്തില്‍ കമ്പനിയുടെ ലാഭക്ഷമത 50-60 ശതമാനം കുറഞ്ഞു.

''ഈ ഘട്ടത്തില്‍ ഒരു വളര്‍ച്ചാപദ്ധതി പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങളുടെ ബിസിനസ് പ്ലാന്‍ ഓരോ സമയവും പുനപരിശോധിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലത്തേക്ക് ലാര്‍ജ് സ്‌കെയ്ല്‍ ബിസിനസ് മോഡല്‍ സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന, യൂറോപ്പ്, യു.എസ് എന്നീ പ്രധാന സ്ട്രാറ്റജിക് വിപണികളിലായിരിക്കും ഞങ്ങള്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.'' റിതേഷ് അഗര്‍വാള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it