ഇന്നും കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്, വെള്ളിക്ക് കയറ്റം

രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ ചാഞ്ചാട്ടം കേരളത്തിലും ഇടിവുണ്ടാക്കി. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,620 രൂപയും പവന് 80 രൂപ കുറഞ്ഞ് 52,960 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നലെ സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറവ് രേഖപ്പെടുത്തിയിരുന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5,515 രൂപയിലെത്തി. അതേ സമയം വെള്ളി വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 95 രൂപയായി.

പലിശ ആശങ്കയും രാജ്യാന്തര വിലയും

രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി ഇടിവിലായിരുന്നു. ഔണ്‍സിന് 2,332.20 രൂപയില്‍ നിന്ന് 0.43 ശതമാനം ഇടിഞ്ഞ് 2,318.87 ഡോളറിലാണ് ഇന്നലെ സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 0.21 ശതമാനം ഉയര്‍ന്ന് 2,323.70 ഡോളറായിട്ടുണ്ട്.
യു.എസ് വിലക്കയറ്റ കണക്കുകള്‍ ആശ്വാസ തലത്തിലാണെങ്കിലും പലിശ കുറയ്ക്കാന്‍ നവംബര്‍-ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകള്‍ സ്വര്‍ണത്തെ അസ്ഥിരമാക്കുന്നുണ്ട്. പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ന്നാല്‍ കടപത്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകുകയും സ്വര്‍ണത്തിലേക്കുള്ള ഒഴിക്കു കുറയുകയും ചെയ്യുമെന്നതാണ് വില ഇടിക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുന്നതുള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വര്‍ണത്തിന്റെ വില കൂട്ടാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.
Related Articles
Next Story
Videos
Share it