കൂലി റിവ്യൂ എഴുത്തുകാരില്‍ നിന്ന് സംരക്ഷണം, നീക്കവുമായി കേന്ദ്രം
ഈ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ (E Commerce Websites) പ്രതിഫലം നല്‍കിയുള്ള റിവ്യൂകളെ (Reward Based Reviews) നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BIS) ഇത് സംബന്ധിച്ച കരട് പുറത്തിറക്കി. ഒരു ഉല്‍പ്പന്നത്തിന്റെ റേറ്റിംഗ് കണക്കാക്കുമ്പോള്‍ പ്രതിഫലം നല്‍കി എഴുതിപ്പിച്ച റിവ്യൂകളെ ഒഴിവാക്കണമെന്നും ബിഐഎസ് നിര്‍ദ്ദേശിച്ചു.
ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, അവ സൗജന്യമായി നല്‍കിയോ പ്രതിഫലം നല്‍കിയോ ഇ-കൊമേഴ്‌സ് ഇടങ്ങളിലും സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും റിവ്യൂ എഴുതിക്കുകയാണ് പതിവ്. ഇത്തരത്തില്‍ റിവ്യൂ എഴുതിക്കുന്നതില്‍ ഭാവിയിലും തടസമുണ്ടാകില്ല. എന്നാല്‍ പ്രതിഫലം നല്‍കി എഴുതിക്കുന്ന റിവ്യൂകള്‍, ഉപഭോക്താക്കള്‍ത്ത് തിരിച്ചറിയാനുള്ള സൗകര്യം ബിഐഎസ് കൊണ്ടുവരും. പ്രതിഫലം നല്‍കിയുള്ള റിവ്യൂകള്‍ തിരിച്ചറിയാന്‍ പ്രത്യേക മാര്‍ക്കിംഗ് സംവിധാനം ആവും ഏര്‍പ്പെടുത്തുക. പ്രതിഫലം നല്‍കിയുള്ള റിവ്യൂകള്‍ക്ക് പ്രത്യേകം റേറ്റിംഗും ഉണ്ടാവും.
റിവ്യൂ ചെയ്യുന്നത് ശരിയായ വിലാസവും മറ്റുമുള്ള ആളാണോ എന്നറിയാനുള്ള സംവിധാനവും ബിഐഎസ് ഏര്‍പ്പെടുത്തും. ഫൂഡ് ഡെലിവറി മുതല്‍ ഓണ്‍ലൈന്‍വഴിയുള്ള എല്ലാത്തരം വാങ്ങലുകള്‍ക്കും ഉപഭോക്താക്കള്‍ റിവ്യൂകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. റേറ്റിംഗ് അനുസരിച്ച് സാധനങ്ങള്‍ തിരയാനുള്ള സൗകര്യങ്ങളും പ്ലാറ്റ്‌ഫോമുകളിലുണ്ട്. ബിഐഎസ് കൊണ്ടുവന്ന കരടിന്മേല്‍, മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം. നവംബര്‍ പത്തുവരെയാണ് ഇതിനുള്ള സമയം.