മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്ക്, കേന്ദ്രം വിജ്ഞാപനം ഇറക്കി

പ്രധാനമന്ത്രി- മിത്ര പദ്ധതിക്ക് കീഴില്‍ പ്രഖ്യാപിച്ച മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ക്കായി വിജ്ഞാപനം ഇറക്കി കേന്ദ്രം. രാജ്യത്തെ ടെക്സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതിയും തൊലിലവസരങ്ങളും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ഏഴ് മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 4,445 കോടി രൂപയാണ് കേന്ദ്രം ഇതിനായി അനുവദിക്കുക.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) സംസ്ഥാന സര്‍ക്കാരും കേന്ദ്രവും സംയുക്തമായി ആകും പാര്‍ക്കുകള്‍ വികസിപ്പിക്കുക. പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം പദ്ധതിക്ക് സന്നദ്ധത അറിയിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. 1000 ഏക്കറില്‍ അധികം ഭൂമിയും വൈദ്യുതി, തൊഴിലാളികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കിനായ് അപേക്ഷിക്കാവുന്നതാണ്.
നിലവില്‍ തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ത്രാ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പാര്‍ക്കിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓരോ പാര്‍ക്കിനും കേന്ദ്രം 1700 കോടിരൂപ വീതം നല്‍കും. ഓരോ മെഗാപാര്‍ക്കിലും നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അനുബന്ധമായി 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. പാര്‍ക്കില്‍ ആദ്യം എത്തുന്ന കുറഞ്ഞത് 100 തൊഴിലാളികളെങ്കിലും ഉള്ള കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10 കോടിയോളം രൂപയുടെ ആനുകൂല്യങ്ങളും നല്‍കും. മൂന്ന് വര്‍ഷത്തേക്ക് ആണ് ഇത് ലഭിക്കുക.
കേരളം മെഗാ ടെക്സ്‌റ്റൈല്‍ പാര്‍ക്കിനായി താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ദക്ഷിണേന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങളും പാര്‍ക്കിനായി അപേക്ഷ സമര്‍പ്പിക്കും. ഇത് സംസ്ഥാനത്തെ ടെക്സ്‌റ്റൈല്‍സ് മേഖലയിലെ സംരംഭകര്‍ക്കും ഗുണകരമാകും. പദ്ധതി കയറ്റുമതിക്ക് നല്‍കുന്ന പ്രാധാന്യവും കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ലഭിക്കുന്നതും വൈദ്യുതി ഉള്‍പ്പടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും മികച്ച മുന്നേറ്റം സംരംഭകര്‍ക്ക് ഉണ്ടാക്കും.
തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. മെഗാ പാര്‍ക്കുകളിലൂടെ കയറ്റുമതിയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയാണെങ്കില്‍ അത് സമ്പദ വ്യവസ്ഥയ്ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല. നിലവില്‍ രാജ്യത്തെ കയറ്റുമതിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്ന ടെക്സ്‌റ്റൈല്‍ മേഖല, ജിഡിപിയുടെ 5 ശതമാനത്തോളം വരും.


Related Articles

Next Story

Videos

Share it