Begin typing your search above and press return to search.
ടെക്സ്റ്റൈൽ മേഖല: ജി എസ് ടി നിരക്ക് 12% ആക്കാനുള്ള തീരുമാനം മാറ്റി
തുണിത്തരങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നീട്ടിവച്ചു. വിഷയം 2022 ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 5% ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന തുണിത്തരങ്ങള്‍ക്ക് 12% ആക്കി ഉയര്‍ത്താനായിരുന്നു ശുപാര്‍ശയുണ്ടായിരുന്നത്. 2022 ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രഖ്യാപനം.
എന്നാല്‍ ഇതിനെതിരെ ടെക്‌സ്റ്റെയില്‍സ് രംഗത്തെ സംഘടനകളും കച്ചവടക്കാരും രംഗത്തെത്തിയിരുന്നു. വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ആയിരം രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങള്‍ക്കു മാത്രമായിരുന്നു നേരത്തെ അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പരിഷ്‌കാര നിര്‍ദേശപ്രകാരം എല്ലാ തുണിത്തരങ്ങള്‍ക്കും ജിഎസ്ടി ബാധകമാവും. സംസ്ഥാനത്തെ 30,000 ത്തോളം വസ്ത്രവ്യാപാരികള്‍ ജി.എസ്.ടി പരിഷ്‌കാരം മൂലം പ്രതിസന്ധിയിലാവുമെന്ന് സംസ്ഥാനത്തെ വസ്ത്രവ്യാപാരികളുടെ സംഘടനയായ കെ.ടി.ജി.ഡി.ഡബ്ല്യു.എ നേതാക്കള്‍ പറഞ്ഞിരുന്നു.
രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഓരോ ഘട്ടവും നിര്‍ദേശിക്കാനും നിയന്ത്രിക്കാനും അധികാരമുള്ള ബോഡിയാണ് ജിഎസ്ടി കൗണ്‍സില്‍. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതതയില്‍ ഇന്ന് നടക്കുന്നത്.
Next Story
Videos