വാക്‌സിന്‍ ക്ഷാമകാലത്ത് പൊതുമേഖലയിലെ വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് കാടുകയറി നശിക്കുന്നു!

പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്കെല്ലാം കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കാന്‍ മതിയായ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാകെ രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കെ, 600 കോടി രൂപയിലേറെ നിക്ഷേപിച്ച് പൊതുമേഖലയില്‍ കെട്ടിപ്പടുത്ത അത്യാധുനിക വാക്‌സിന്‍ നിര്‍മാണ ഫാക്ടറി തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ കാടുകയറി നശിക്കുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ് (എച്ച് ബി എല്‍) ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സാണ് വര്‍ഷങ്ങളായി വെറുതെ കിടക്കുന്നത്.

രാജ്യത്തെ സാര്‍വത്രിക ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് ചെങ്കല്‍പേട്ടില്‍ 100 ഏക്കറില്‍ ഈ യൂണിറ്റ് സ്ഥാപിച്ചത്. വാക്‌സിന്‍ സംബന്ധമായ ഗവേഷണം, നിര്‍മാണം, വിതരണം എന്നിവയെല്ലാം നടത്താന്‍ ഉദ്ദേശിച്ചുള്ള ഇന്റഗ്രേറ്റഡ് പ്ലാന്റാണിത്. ജപ്പാന്‍ ജ്വരം, ഹെപ്പറ്റൈറ്റിസ് - ബി തുടങ്ങിയ നിരവധി രോഗങ്ങളെ ചെറുക്കാനുള്ള വാക്‌സിനുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് കെട്ടിപ്പടുത്ത ഈ പ്ലാന്റിന്റെ സ്ഥാപിത ശേഷി 585 ദശലക്ഷം ഡോസുകളാണ്.

പക്ഷേ വര്‍ഷങ്ങളായി ഇവിടെനിന്ന് ഒരു ഡോസ് വാക്‌സിന്‍ പോലും നിര്‍മിച്ചിട്ടില്ല. പൊതുമേഖലയില്‍ കെട്ടിപ്പടുത്ത ഈ ഫാക്ടറി സമുച്ചയത്തില്‍ നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്ന് ഈ വര്‍ഷമാദ്യം അപേക്ഷ ക്ഷണിച്ചെങ്കിലും അക്കാര്യത്തിലും പുരോഗതിയില്ല.

സ്വകാര്യ മേഖലയിലുള്ളവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നാല്‍ പൊതുമേഖലയില്‍ കെട്ടിപ്പടുത്തിരിക്കുന്ന ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
കോടികളുടെ നിക്ഷേപം
പ്രാഥമിക ഘട്ടത്തില്‍ 600 കോടി രൂപ നിക്ഷേപിച്ചുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ പദ്ധതി വൈകിയതോടെ ചെലവ് കൂടി. വാക്‌സിന്‍ നിര്‍മിക്കാന്‍ പറ്റുന്ന വിധത്തിലാക്കാന്‍ ഇനിയും ഇവിടെ നിക്ഷേപം വേണ്ടി വരും. ലാഭകരമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തുടര്‍ നിക്ഷേപം ഉണ്ടായതുമില്ല. സ്വകാര്യ കമ്പനികള്‍ ഇപ്പോഴുള്ള കമ്പനിയില്‍ ഉല്‍പ്പാദനം നടത്താന്‍ മുന്നോട്ടുവന്നാല്‍ തന്നെ പ്രവര്‍ത്തനക്ഷമമാക്കാന്‍ 150 കോടി രൂപയെങ്കിലും ഇനിയും നിക്ഷേപിക്കേണ്ടി വരുമെന്ന് ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭാരത് ബയോടെക്കും ബയോകോണും പൊതുമേഖലയിലെ ഈ സമുച്ചയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വന്‍ നിക്ഷേപം നടത്തി ഇവിടെ നിന്ന് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കാന്‍ ഏത് കമ്പനി തയ്യാറാകുമെന്ന് കാത്തിരുന്ന് കാണണം.


Related Articles
Next Story
Videos
Share it