വില്‍പ്പന കുറഞ്ഞു, എന്നിട്ടും ലാഭം 300 മടങ്ങ് വര്‍ധിപ്പിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) 2020-21 സാമ്പത്തിക വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 10664 കോടി രൂപയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ കമ്പനി നേടിയിരിക്കുന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 2637 രൂപയായിരുന്നു.

മികച്ച പ്രവര്‍ത്തന ക്ഷമത, വിനിമയ നിരക്കിലെ വ്യതിയാനങ്ങള്‍, റിഫൈനറി മാര്‍ജിന്‍ വര്‍ധിച്ചത്, കൈയിലുള്ള അസംസ്‌കൃത വസ്തുക്കളുടെ മൂല്യം കൂടിയത് തുടങ്ങിയവയെല്ലാം ലാഭം കൂടാന്‍ കാരണമായെന്ന് എച്ച്പിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം കെ സുരാന പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ മാത്രം കമ്പനി നേടിയത് 3018 കോടി രൂപ ലാഭമാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ നേടിയത് 27 കോടി രൂപ മാത്രമായിരുന്നു.
മുംബൈയിലും വിശാഖപട്ടണത്തും റിഫൈനറികളുള്ള എച്ച്പിസിഎല്ലിന് ഓരോ ബാരല്‍ ക്രൂഡ് ഓയ്ല്‍ സംസ്‌കരിക്കുമ്പോഴും 8.11 ഡോളര്‍ ലാഭമായി ലഭിച്ചു.
കൈവശമുണ്ടായിരുന്ന അസംസ്‌കൃത വസ്തുക്കളുടെ (ക്രൂഡ് ഓയ്ല്‍) മൂല്യം വര്‍ധിച്ചതിലൂടെ 4608 കോടി രൂപയാണ് 2020-21 വര്‍ഷത്തെ അവസാന പാദത്തില്‍ കമ്പനിക്ക് ലഭിച്ചത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ ഇതിലൂടെ ഉണ്ടായത് 4113 കോടി നഷ്ടമായിരുന്നു.
കൂടാതെ 141 കോടി രൂപയുടെ വിദേശ വിനിമയ നേട്ടവും ഇക്കാലയളവില്‍ കമ്പനിക്കുണ്ടായി. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ 975 കോടി രൂപ നഷ്ടം ഉണ്ടായ സ്ഥാനത്താണിത്.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ വന്‍ വില്‍പ്പനയിടിവ് ഉണ്ടായെങ്കിലും പിന്നീട് ആ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ആയിട്ടുണ്ട്. എന്നിട്ടും വില്‍പ്പനയില്‍ കുറവ് തന്നെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. 2,69,243 കോടി രൂപയുടെ വില്‍പ്പനയാണ് 2020-21 സാമ്പത്തിക വര്‍ഷം ഉണ്ടായത്. തൊട്ടു മുന്‍ വര്‍ഷം ഇത് 2,86, 250 കോടി രൂപയായിരുന്നു.


Related Articles
Next Story
Videos
Share it