രാസവള പ്രതിസന്ധിയുണ്ടാവില്ല, മറ്റ് രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി വര്‍ധിപ്പിക്കും

4 - 5 ദശലക്ഷം ടണ്‍ പൊട്ടാഷാണ് ഒരു വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്

യുക്രെയ്ന്‍-റഷ്യ (Russia-Ukraine) യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന രാസവള വിപണിക്ക് ആശ്വാസമേകുന്ന നീക്കവുമായി ഇന്ത്യ. കാനഡ, ഇസ്രായേല്‍ എന്നിവിടങ്ങളില്‍നിന്നുള്ള രാസവളങ്ങളുടെ ഇറക്കുമതി കൂട്ടും. വരാനിരിക്കുന്ന വേനല്‍ക്കാല വിതയ്ക്കല്‍ സീസണിലേക്ക് ആവശ്യമായ രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് കാനഡയും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വളം ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിക്കുന്നത്.

'ഇത്തവണ ഞങ്ങള്‍ ഖാരിഫ് (വേനല്‍ക്കാലത്ത് വിതച്ച വിള) സീസണിനായി മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏകദേശം 30 ദശലക്ഷം ടണ്‍ രാസവളമാണ് ഈ സീസണില്‍ ആവശ്യമായി വരിക. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്' വളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. മണ്‍സൂണ്‍ മഴയുടെ വരവോടെ ജൂണിലാണ് ഇന്ത്യയില്‍ നെല്ല്, പരുത്തി, സോയാബീന്‍ എന്നിവയുള്‍പ്പെടെയുള്ള വിളകള്‍ നടുന്നത്.
കാര്‍ഷിക ആവശ്യത്തിനായി 4 ദശലക്ഷം മുതല്‍ 5 ദശലക്ഷം ടണ്‍ വരെ പൊട്ടാഷാണ് ഒരു വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ബെലാറസില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷിപ്പിംഗ് റൂട്ടുകള്‍ അടച്ചതിനാല്‍ ഇവിടങ്ങളില്‍നിന്നുള്ള രാസവള വിതരണം ആശങ്കയിലാണ്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎല്‍) കാനഡ, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. കാനഡയില്‍ നിന്ന് 1.2 ദശലക്ഷം ടണ്‍ പൊട്ടാഷും ഇസ്രായേലില്‍ നിന്ന് 600,000 ടണ്ണും ജോര്‍ദാനില്‍ നിന്ന് 300,000 ടണ്ണും വാങ്ങുമെന്ന് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവയുടെ നഷ്ടം നികത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ സൗദി അറേബ്യയില്‍ നിന്നും മൊറോക്കോയില്‍ നിന്നും വിതരണം വര്‍ധിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമോണിയ, യൂറിയ, പൊട്ടാഷ് തുടങ്ങിയ രാസ വളങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പാദക രാഷ്ട്രമാണ് റഷ്യ. സങ്കീര്‍ണമായ ഫോസ്‌ഫേറ്റുകളുടെ അഞ്ചാമത്തെ വലിയ ഉല്‍പ്പാദകരാണ് റഷ്യ. അമോണിയയുടെ 23 ശതമാനവും, യൂറിയയുടെ 14 ശതമാനവും, പൊട്ടാഷിന്റെ 21 ശതമാനവും, സങ്കീര്‍ണമായ ഫോസ്‌ഫേറ്റ്സിന്റെ 10 ശതമാനം കയറ്റുമതി വിപണി വിഹിതം റഷ്യക്കാണ്.
ശരാശരി ഇന്ത്യയിലേക്ക് 5 ദശലക്ഷം ടണ്‍ രാസ വളങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ചൈന, മൊറോക്കോ, സൗദി അറേബ്യ, റഷ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത് കാനഡ, റഷ്യ, ബെലാറസ്, ജോര്‍ദാന്‍, ലിത്വാനിയ, ഇസ്രയേല്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും അധികം യൂറിയ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ഒരു വര്‍ഷം 8 മുതല്‍ 9 ദശലക്ഷം ടണ്ണാണ് ചൈന, ഒമാന്‍, യുക്രെയ്ന്‍, ഈജിപ്റ്റ്് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.



Related Articles
Next Story
Videos
Share it