റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യയുടെ നീക്കം

അരാംകോയ്ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുതിയിലുണ്ടാകാവുന്ന കുറവു പരിഹരിക്കുന്നതിന് ഇന്ത്യ റഷ്യയെ ആശ്രയിക്കാന്‍ നീക്കമാരംഭിച്ചു.

സെപ്റ്റംബര്‍ 14 ന് നടന്ന ആക്രമണം പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനത്തെ (എംബിപിഡി) ബാധിച്ചു. ഇത് സൗദി അറേബ്യയുടെ കയറ്റുമതിയുടെ പകുതിയും ആഗോള വിതരണത്തിന്റെ 5 ശതമാനവുമാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ നടത്തിയ 7.83 ട്രില്യണ്‍ രൂപയുടെ 227 മെട്രിക് ടണ്‍
അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ 40.3 ദശലക്ഷം ടണ്‍ സൗദി അറേബ്യയില്‍ നിന്നാണ് വന്നത്.

വൈവിധ്യമാര്‍ന്ന ഇറക്കുമതി സ്രോതസുകള്‍ കണ്ടെത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് രാജ്യം റഷ്യയിലേക്ക് നോക്കുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ ഇറക്കുമതി വിപുലമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി വെറും 2 മെട്രിക് ടണ്‍ മാത്രമായിരുന്നു.ഉടനടി സൗദിയുടെ സ്ഥാനം സ്വീകരിക്കാന്‍ റഷ്യക്കു സാധിക്കില്ലെങ്കിലും ദീര്‍ഘകാല ഇടപാടുകള്‍ ഉണ്ടാകുമെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു.

അന്താരാഷ്ട്ര വിലനിര്‍ണ്ണയത്തിലെ ചാഞ്ചാട്ടം ഇന്ത്യയെപ്പോലുള്ള ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വരവ് കുറയാതിരിക്കാന്‍ ശ്രമം തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.നല്ല തോതില്‍ കരുതല്‍ സ്‌റ്റോക്ക് ഉള്ളതിനാല്‍ കയറ്റുമതിയില്‍ കുറവുണ്ടാകില്ലെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

അതെസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോ റിസോഴ്‌സസ് (ബിപിആര്‍എല്‍), ഒഎന്‍ജിസി വിദേശ് (ഒവിഎല്‍), ഓയില്‍ ഇന്ത്യ (ഓയില്‍) എന്നീ നാല് ഇന്ത്യന്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യം ക്രൂഡ് ഓയില്‍ രംഗത്ത് റഷ്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it