യു.എ.ഇയില്‍ നിന്ന് നികുതിയിളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള മാനദണ്ഡത്തില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ വന്‍കിട ഇറക്കുമതിക്കാര്‍ക്കും ആഭരണ നിര്‍മ്മാതാക്കള്‍ക്കും മാത്രം ലഭിച്ചിരുന്ന ആനുകൂല്യം ഇനി ചെറുകിടക്കാര്‍ക്കും ലഭ്യമാകും. കേരളത്തില്‍ നിന്നുള്ള നിരവധി ചെറുകിട ജുവലറിക്കാര്‍ക്കും ഇത് നേട്ടമാകും.
വ്യാപാരക്കരാറും യു.എ.ഇയും
ഉഭയകക്ഷി സ്വതന്ത്ര വ്യാപാരം (ഫ്രീ ട്രേഡ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് ഇന്ത്യയും യു.എ.ഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ/സെപ/CEPA) ഒപ്പുവച്ചത്. 2022 മേയ് ഒന്നിന് പ്രാബല്യത്തില്‍ വന്നു. സ്വര്‍ണം ഇറക്കുമതിക്ക് ഇന്ത്യ ഈടാക്കുന്ന മൊത്തം ഇറക്കുമതിച്ചുങ്കം നിലവില്‍ 15 ശതമാനമാണ് (2.5 ശതമാനം കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന സെസ് ഉള്‍പ്പെടെ). സെപ പ്രകാരം, യു.എ.ഇയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതിക്ക് ഒരു ശതമാനം ഇളവുണ്ട് (താരിഫ് റേറ്റ് ക്വാട്ട/ T.R.Q). അതായത്, 14 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാല്‍ മതി.
എന്നാല്‍, 25 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള 78 വന്‍കിടക്കാര്‍ക്ക് മാത്രമാണ് സെപ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്. യു.എ.ഇയില്‍ നിന്ന് പ്രതീക്ഷിച്ചത്ര സ്വര്‍ണം ഇറക്കുമതി ഇതോടെ നടന്നില്ല. ആദ്യവര്‍ഷം സെപ പ്രകാരം 120 ടണ്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചെങ്കിലും നടന്നത് 10 ടണ്ണില്‍ താഴെ ഇറക്കുമതിയാണ്.
ഇതുവഴി സര്‍ക്കാര്‍ 750-800 കോടി രൂപയുടെ നികുതിവരുമാനക്കുറവ് നേരിടുമെന്നും ഇറക്കുമതി മാനദണ്ഡം പുതുക്കി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്നും ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷനും (ഐ.ബി.ജെ.എ) കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിനോട് (ഡി.ജി.എഫ്.ടി) ആവശ്യപ്പെട്ടിരുന്നു. ഇറക്കുമതി കൂട്ടാനായി ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കണമെന്ന് യു.എ.ഇയും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇനി ചെറുകിടക്കാര്‍ക്കും
നിലവില്‍ 78 പേര്‍ ഉണ്ടായിരുന്ന ഇറക്കുമതി പട്ടിക കേന്ദ്രം റദ്ദാക്കി. പുതിയ അപേക്ഷ ഉടന്‍ ക്ഷണിക്കും. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള (അതായത്, 40 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ള) ജുവലറിക്കാര്‍ക്കും ഇനി സെപ പ്രകാരം യു.എ.ഇയില്‍ നിന്ന് നികുതിയിളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കഴിയും. നിലവില്‍ ഇവര്‍ ബാങ്കുകളില്‍ നിന്നും മറ്റും മൊത്തം 15 ശതമാനം ഇറക്കുമതിച്ചുങ്കവും നല്‍കിയാണ് ആഭരണ നിര്‍മ്മാണത്തിനുള്ള സ്വര്‍ണം വാങ്ങുന്നത്.
നടപ്പുവര്‍ഷം (2023-24) യു.എ.ഇയില്‍ നിന്ന് പരമാവധി 140 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാനാണ് സെപ അനുവദിക്കുന്നത്. അഞ്ചുവര്‍ഷത്തിനകം ഇത് സാമ്പത്തിക വര്‍ഷത്തില്‍ 200 ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ത്തും. ലോകത്ത് സ്വര്‍ണം മുന്‍പന്തിയിലുള്ള ഇന്ത്യ പ്രതിവര്‍ഷം ആകെ ഇറക്കുമതി ചെയ്യുന്നത് 800-900 ടണ്ണാണ്.
പ്ലാറ്റിനം പഴുതിന് പിടിവീഴും
സെപ കരാര്‍ പ്രകാരം നികുതിയിളവ് അനുവദിച്ചിട്ടും യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി വര്‍ദ്ധിക്കാതിരുന്നത് കേന്ദ്രത്തെ അമ്പരപ്പിച്ചിരുന്നു. പ്ലാറ്റിനം ഇറക്കുമതിയിലെ നികുതിയിളവ് ഇറക്കുമതിക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് പിന്നീട് സര്‍ക്കാര്‍ മനസ്സിലാക്കി. ഈ പഴുതും അടയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് സെപ പ്രകാരമുള്ള സ്വര്‍ണം ഇറക്കുമതിയില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
പ്ലാറ്റിനം ഇറക്കുമതിക്ക് 10.4 ശതമാനമാണ് ഇറക്കുമതിച്ചുങ്കം. സ്വര്‍ണത്തിന് 15 ശതമാനം. എന്നാല്‍, 96 ശതമാനം സ്വര്‍ണം അടങ്ങിയ പ്ലാറ്റിനം ഇറക്കുമതി ചെയ്താലും 10.4 ശതമാനം നികുതിയടച്ചാല്‍ മതി. ഈ പഴുത് ഉപയോഗിച്ച് പ്ലാറ്റിനം ഇറക്കുമതിയെന്നോണം അതില്‍ സ്വര്‍ണം ചേര്‍ത്തുള്ള ഇറക്കുമതി വര്‍ദ്ധിച്ചതാണ് സര്‍ക്കാരിനെ പുനര്‍വിചാരത്തിന് പ്രേരിപ്പിച്ചത്.
ദുരുപയോഗം തടയും
ഒരുവിഭാഗം ജുവലറിക്കാര്‍ മാത്രം നികുതിയിളവിന്റെ ആനുകൂല്യം നേടുന്ന സ്ഥിതിയും അതുവഴിയുള്ള നിയമത്തിന്റെ ദുരുപയോഗവും തടയാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം സഹായിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ നിശ്ചിതയളവ് മൂല്യവര്‍ദ്ധനയോടെ കയറ്റുമതി ചെയ്യണമെന്നുണ്ട്. സെപ പ്രകാരം യു.എ.ഇയിലേക്ക് നികുതിരഹിത കയറ്റുമതി നടത്താം. വന്‍കിടക്കാര്‍ക്ക് മാത്രം ലഭിച്ചിരുന്ന ഇത്തരം ആനുകൂല്യങ്ങള്‍ ഇനി ഈ രംഗത്തെ ചെറഉകിടക്കാര്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.