ഇന്ത്യയിലെ ആദ്യത്തെ രണ്ടു സീറ്റുള്ള കുഞ്ഞന്‍ വൈദ്യുത വിമാനം ഒരുങ്ങുന്നു
ഇന്ത്യയിലെ ആദ്യത്തെ രണ്ടു സീറ്റുകള്‍ ഉള്ള വൈദ്യുത വിമാനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-പ്ലെയിന്‍. ഇതിനായി വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ അനുമതി ലഭിച്ചു കഴിഞ്ഞു.വെര്‍ട്ടിക്കല്‍ ടേക്ക്- ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (vertical take-off and landing) സംവിധാനം ഉപയോഗിച്ചാണ് നൂതനമായ ഈ വിമാനം പ്രവര്‍ത്തിക്കുന്നത്. പ്രൊഫ സത്യാ ചക്രവര്‍ത്തി, പ്രാഞ്ജല്‍ മെഹ്ത എന്നിവര്‍ ഐ.ഐ.ടി ചെന്നൈയിലെ ഇന്‍ക്യൂബേറ്ററില്‍ 2017 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇ-പ്ലെയിന്‍.
സവിശേഷതകള്‍
200 കിലോ ഭാരം കയറ്റാവുന്ന ഈ വിമാനത്തിന് രണ്ട് കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. മണിക്കൂറില്‍ 200 കി മി വേഗത, ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ പറക്കും. ടാക്സി, ഹെലികോപ്റ്റര്‍ എന്നിവക്ക് പകരമായി ചെലവ് കുറഞ്ഞതും നഗരങ്ങളില്‍ ഗതാഗത കുരുക്കില്‍ പെടാതെ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഈ കുഞ്ഞന്‍ വിമാനത്തിന് സാധിക്കും.
പത്ത് മിനിറ്റുകള്‍ കൊണ്ട് 10 കിലോമീറ്റര്‍ സഞ്ചരിക്കാം. യാത്ര വിമാനമായും ചെറിയ സാധനങ്ങളുടെ ഡെലിവെറിക്കും ഉപയോഗിക്കാം. നഗരങ്ങളില്‍ ടാക്സിയില്‍ 70 മിനിറ്റ് വേണ്ട സ്ഥാനത്ത് ഈ വിമാനം വെറും 14 മിനിറ്റില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. യാത്ര നിരക്ക് തുടക്കത്തില്‍ ടാക്സിയെക്കാള്‍ രണ്ട് ഇരട്ടി കൂടുതലായിരിക്കും, ക്രമേണ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് കമ്പനി അവകാശപെടുന്നു.