യാത്രക്കാരുടെ എണ്ണം കൂടി; ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കിയത് 43,324 കോടി രൂപ
കോവിഡ് നിയന്ത്രണങ്ങള്‍ മാറി യാത്രക്കാരുടെ എണ്ണം കൂടിയതോടെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം കുത്തനെ ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 76 ശതമാനം ഉയര്‍ന്ന് 43,324 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24,631 കോടി രൂപയായിരുന്നു.
2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍, റിസര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 22,904 കോടി രൂപയില്‍ നിന്ന് 50 ശതമാനം ഉയര്‍ന്ന് 34,303 കോടി രൂപയായി. ഈ വിഭാഗത്തില്‍ ഇതേ കാലയളവില്‍ ഏകദേശം 536.5 ദശലക്ഷം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഇത് ടിക്കറ്റ് ബുക്കിംഗില്‍ 10 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി.
2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ അണ്‍ റിസര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,728 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 422 ശതമാനം വര്‍ധിച്ച് 9,021 കോടി രൂപയായി. ഈ വിഭാഗത്തില്‍ ഇതേ കാലയളവില്‍ 3.52 ബില്യണ്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഇത് 155 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി.
റെയില്‍വേയുടെ ചരക്ക് 2022 ഏപ്രില്‍-നവംബര്‍ 978.72 മെട്രിക് ടണ്ണായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം വര്‍ധന. ഈ കാലയളവില്‍ ചരക്ക് വരുമാനം 1.06 ട്രില്യണ്‍ രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കൂടുതലാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വിഭാഗത്തില്‍ നിന്ന് 58,500 കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.