ചെറുകിടക്കാര്‍ക്കും ഡിജിറ്റലാകാം സഹായവുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്

വിപണനവും മാര്‍ക്കറ്റിംഗും ഡിജിറ്റലായില്ലെങ്കില്‍ ചെറുകിട സംരംഭകര്‍ക്ക് പോലും പിടിച്ചു നില്‍ക്കാനാവാത്ത ഡിജിറ്റല്‍ യുഗമാണിത്. എന്നാല്‍ ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം സ്വന്തം നിലയില്‍ ഡിജിറ്റല്‍ സെയ്ല്‍സ് & മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുക എന്നത് കൈയിലൊതുങ്ങുന്നതുമല്ല. ഈ സാഹചര്യത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് പുരോഗതി ലക്ഷ്യമിട്ട് പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് കണ്ണൂര്‍ ആസ്ഥാനമായ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു ഡിജിറ്റല്‍ ബിസിനസ് സ്ട്രാറ്റജിയെ അവഗണിച്ചുകൊണ്ട് ഒരു ബിസിനസ് സ്ഥാപനത്തിനും മുമ്പോട്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ keralakonnect.com എന്ന പേരില്‍ ഒരുക്കിയ ഡിജിറ്റല്‍ സെയില്‍സ് & ഇകൊമേഴ്സ് പ്ലാറ്റ്ഫോം സെപ്തംബര്‍ 26ന്
തദ്ദേശ സ്വയംഭരണ-ഗ്രാമീണ വികസന-എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംരംഭകര്‍ക്കായി തുറന്നു കൊടുക്കും.
ഡിജിറ്റല്‍ ബിസിനസ് പ്രവര്‍ത്തന രീതികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സംരംഭത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തിലാണ് എന്‍എംസിസി ഇത്തരമൊരു സേവനവുമായി മുന്നിട്ടിറങ്ങുന്നത്.
ഡിജിറ്റല്‍ ബിസിനസ് രീതികളില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലായ്മയും മാനുഷിക സാമ്പത്തിക വിഭവങ്ങളുടെ അപര്യാപ്തതയുമാണ് എംഎസ്എംഇ സംരംഭങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളി. സാങ്കേതിക സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ഫുള്‍ ടൈം ബാക്ക് ഓഫീസ് ടീമും ഇതിനു അത്യന്താപേക്ഷിതമാണ്. പല സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റും, ഇകൊമേഴ്‌സ് പ്ലെറ്റ്‌ഫോമും ഉണ്ടെങ്കിലും ഒരു രൂപയുടെ ബിസിനസ്സ് പോലും അതില്‍ നിന്നും സമാഹരിക്കാന്‍ കഴിയാത്തത് അത് കൊണ്ടാണെന്ന് എന്‍എംസിസി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ചുരുങ്ങിയ ചെലവില്‍ അത്തരം ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ ഒരു ബാക്ക് ഓഫിസോടു കൂടിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌പ്ലെയ്സ് എല്ലാ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യുന്നതിന് പുറമെ, അവരവരുടെ മാര്‍ക്കറ്റിംഗ് ഏരിയ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും, ഉപഭോക്താക്കളുടെ ചോദ്യങ്ങളോടും ആവശ്യങ്ങളോടും കൃത്യമായി സംവദിച്ച് ബിസിനസുകള്‍ക്കാവശ്യമുള്ള ഒരു കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഉണ്ടാക്കി കൊടുക്കുക എന്ന ധര്‍മവും നിര്‍വ്വഹിക്കുന്നു. പുറമെ ഇതിലെ അംഗങ്ങള്‍ക്ക് വേണ്ട സാങ്കേതിക സേവനവും സൗജന്യ സാങ്കേതിക ഉപദേശ നിര്‍ദ്ദേശങ്ങളും ഇതേ ടീമില്‍ നിന്നും ലഭ്യമാക്കും.
ചെറുകിട വനിതാ സംരംഭകര്‍ക്കും കുടുംബശ്രീ ഉല്‍പ്പങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ സൗജന്യമായി നല്‍കാനും ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ കീഴിലുള്ള മൈസോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാസി ദിക്ത്യോ ഇന്റര്‍നാഷണല്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് ബിസിനസ്സുകള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നത്. KERALAKONNECT മാര്‍ക്കറ്റ്‌പ്ലെയ്സിന്റെ ലോഗോ വ്യവസായ മന്ത്രി പി രാജീവ് സെപ്റ്റംബര്‍ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it