യാത്രക്കാരുടെ ഡാറ്റ വില്‍ക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

യാത്രക്കാരുടെ വിവരങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഇന്ത്യന്‍ റെയില്‍വെയ്‌സ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (IRCTC). രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി , യാത്രക്കാരുടെ വിവരങ്ങള്‍ സ്വകാര്യ-സര്‍ക്കാര്‍ കമ്പനികള്‍ക്ക് പണം ഈടാക്കി നല്‍കും. ഡാറ്റ വില്‍പ്പനയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്.

ഹോസ്പിറ്റാലിറ്റി (Hospitality), എനര്‍ജി (Energy), ഇന്‍ഫ്രാസ്ട്രക്ചര്‍ (Infrastructure), ഏവിയേഷന്‍ (Aviation) ഉള്‍പ്പടെയുള്ള മേഖലകളിലെ കമ്പനികള്‍ക്ക് ഡാറ്റ വില്‍ക്കാനാവും എന്നാണ് ഐആര്‍സിടിയുടെ (IRCTC) പ്രതീക്ഷ. ഡാറ്റാ വില്‍പ്പനയ്ക്ക് സഹായം നല്‍കാനായി ഒരു കണ്‍സള്‍ട്ടന്റിനെയും ഐആര്‍സിടിസി നിയമിക്കും. ഇതിനായുള്ള ടെന്‍ഡറും ഐആര്‍സിടിസി പുറത്തിറക്കിയിട്ടുണ്ട്. ബിഡ് സമര്‍പ്പിക്കാനായി സെപ്റ്റംബര്‍ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 1.14 ദശലക്ഷം ടിക്കറ്റുകളാണ് ഐര്‍സിടിസിയിലൂടെ ബുക്ക് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അസറ്റ് മോണിറ്റൈസേഷനിലൂടെ (Asset Monetisation) 18,700 കോടി രൂപ കണ്ടെത്താന്‍ ലക്ഷ്യമിട്ട റെയില്‍വേയ്ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിച്ചിരുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 246 കോടി രൂപ ആയിരുന്നു ഐആര്‍സിടിസിയുടെ അറ്റാദായം. 853 കോടി രൂപയായിരുന്നു കോര്‍പറേഷന്റെ വരുമാനം.

Related Articles
Next Story
Videos
Share it