Begin typing your search above and press return to search.
മൂന്നാംപാദ വിറ്റുവരവില്‍ 17% ശതമാനം വളര്‍ച്ച നേടി കല്യാണ്‍ ജൂവലേഴ്‌സ്, ലാഭം 135 കോടി രൂപ
2021-22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് 3435 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 2936 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. മൂന്നാം പാദത്തില്‍ ഏണിംഗ്‌സ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്‌സ്, ഡിപ്രീസിയേഷന്‍ ആന്‍ഡ് അമോര്‍ട്ടൈസേഷന്‍ (EBITDA) 299 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 288 കോടി രൂപയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആകമാന ലാഭം (കണ്‍സോളിഡേറ്റഡ് പാറ്റ്) 135 കോടി രൂപ ആയപ്പോള്‍ മുന്‍വര്‍ഷം ഇതേ പാദത്തില്‍115 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റ് വരവ് 2497 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 15 ശതമാനം വളര്‍ന്ന് 2880 കോടി രൂപയായി.
ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ (EBITDA) 253 കോടി രൂപ ആയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 247 കോടി രൂപ ആയിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ 94 കോടി രൂപയില്‍ നിന്നും 118 കോടി രൂപയായി ഉയര്‍ന്നു.
ഗള്‍ഫ് മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24% ശതമാനം വരുമാന വളര്‍ച്ച നേടി. ഗള്‍ഫിലെ വ്യാപാരത്തില്‍ നിന്നുമുള്ള മൂന്നാം പാദത്തിലെ വിറ്റ് വരവ് 417 കോടിയില്‍ നിന്നും 515 കോടി രൂപയായി ഉയര്‍ന്നു. ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ മൂന്നാം പാദ വിറ്റുവരവില്‍ 40 ശതമാനം വളര്‍ച്ച നേടി.
എല്ലാ പ്രദേശങ്ങളിലും, വിറ്റുവരവിലും ഷോറൂമുകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വളരെ സംതൃപ്തിയുണ്ടെന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Next Story
Videos