കൊറോണ കാലത്തെ തൊഴില്‍ നഷ്ടത്തിനിടയിലും വലിയ വേതന വര്‍ധന ആവശ്യപ്പെട്ട് യൂണിയനുകള്‍; കഞ്ചിക്കോട് മേഖലയില്‍ അസ്വസ്ഥത പുകയുന്നു

കേരളത്തിലെ വ്യവസായ മേഖലകളില്‍ പ്രധാനപ്പെട്ട കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്‍തോതില്‍ വേതനം വര്‍ധിപ്പിച്ച് തൊഴില്‍ കരാറുകള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. 725 ഓളം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ ചില യൂണിറ്റുകളില്‍ യൂണികനുകള്‍ ഈ ആവശ്യം ഉന്നയിച്ച്് നോട്ടീസുകള്‍ നല്‍കി കഴിഞ്ഞു.

പൊതുവേ തൊഴിലാളി യൂണിയനുകളും കമ്പനികളുമായി മൂന്നുവര്‍ഷത്തെ കരാറാണ് ഉണ്ടാവുക. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് കരാര്‍ കാലാവധി അവസാനിച്ച കമ്പനികളില്‍ 50 മുതല്‍ 60 ശതമാനം വരെ വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് യൂണിയനുകള്‍ നല്‍കിയിരിക്കുന്നത്. റബ്ഫില ഇന്റര്‍നാഷണല്‍, ആര്യവൈദ്യ ഫാര്‍മസി തുടങ്ങിയ കമ്പനികളിലാണ് യൂണിയനുകള്‍ വേതന വര്‍ധനയോടെ കരാര്‍ പുതുക്കണമെന്ന ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താരതമ്യേന ഉയര്‍ന്ന വേതനവും മറ്റ് സൗകര്യങ്ങളും നല്‍കുന്ന കമ്പനികളിലാണ് കൂടുതല്‍ വേതനം ആവശ്യപ്പെട്ട് യൂണിയനുകള്‍ രംഗത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കോവിഡ് മൂലം ലോകമെമ്പാടും പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടാതെ, വേതനം വെട്ടിക്കുറയ്ക്കാതെ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നതിനിടെ വേതന വര്‍ധനയെന്ന യൂണിയനുകളുടെ ആവശ്യം സംരംഭങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് കഞ്ചിക്കോട്ടെ സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.

തീക്കൊള്ളികൊണ്ട് തല ചൊറിയുമ്പോള്‍

തൊഴിലാളി യൂണിയനുകളിലെ വളരെ ചെറിയൊരു വിഭാഗം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ സങ്കുചിത താല്‍പ്പര്യങ്ങളോടെ നടത്തുന്ന നീക്കങ്ങളാണ് കഞ്ചിക്കോടിനെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ മുതല്‍ 5000 - 6000 പേര്‍ ജോലി ചെയ്യുന്ന യൂണിറ്റുകള്‍ വരെ കഞ്ചിക്കോടുണ്ട്. ഇവിടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളിയൂണിയനുകളും സജീവമായി രംഗത്തുണ്ട്.

സംസ്ഥാന, ജില്ലാ തലങ്ങളിലെ തൊഴിലാളി യൂണിയന്‍ നേതൃത്വങ്ങള്‍ ബിസിനസുകള്‍ നിലനില്‍ക്കേണ്ടതിന്റെയും പ്രാദേശിക തലത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യം ഉള്‍ക്കൊണ്ട് ക്രിയാത്മക നിലപാട് സ്വീകരിക്കുമ്പോഴും ഇതിന് കടക വിരുദ്ധമായ നിലപാടുകളാണ് പ്രാദേശിക തൊഴിലാളി യൂണിയന്‍ നേതൃത്വം സ്വീകരിക്കുന്നതെന്ന് കഞ്ചിക്കോട്ടെ വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയിലെ വിഭാഗീയതകള്‍, പ്രദേശിക തലത്തില്‍ ശക്തികാണിക്കാന്‍ വേണ്ടി നടത്തുന്ന കിടമത്സരങ്ങള്‍, തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള പോര് ഇവയെല്ലാം തന്നെ കഞ്ചിക്കോട്ടെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ തകര്‍ക്കുന്നുണ്ട്.

''സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ ഉള്ളവരോട് നമുക്ക് കാര്യം പറയാം. അവര്‍ അതിനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ മുതിര്‍ന്ന നേതാക്കളെ അനുസരിക്കുന്ന പ്രാദേശിക നേതാക്കളല്ല ഇപ്പോഴുള്ളത്. പ്രാദേശികതലത്തില്‍ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതുമെല്ലാം അവിടെയുള്ളവര്‍ തന്നെയാണ്. ഇത്തരം കുറച്ച് യൂണിയന്‍ നേതാക്കളാണ് ഈ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയൊന്നും മനസ്സിലാക്കാതെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്,'' കഞ്ചിക്കോട്ടെ ഒരു ബിസിനസ് യൂണിറ്റ് സാരഥി പറയുന്നു.

കഞ്ചിക്കോട്ട് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നിലവില്‍ ലഭിക്കുന്നുണ്ട്. പല കമ്പനികളിലും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനവും യൂണിറ്റുകള്‍ നല്‍കുന്നുണ്ട്. എങ്കിലും വേതന വര്‍ധന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ കഞ്ചിക്കോട് നിത്യസംഭവമാവുകയാണ്.

പെപ്‌സി പോയ അവസ്ഥയില്‍

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ നിന്ന് ഇതിനകം കമ്പനികള്‍ അടച്ചുപൂട്ടുന്ന വാര്‍ത്തകളും വരുന്നുണ്ട്. പെപ്‌സിയുടെ സോഫ്റ്റ്ഡ്രിങ്ക്്‌സ് നിര്‍മാണ യൂണിറ്റ്, വരുണ്‍ ബിവ്‌റേജസ്, ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് പൂട്ടിയത്. വേതന വര്‍ധന ആവശ്യപ്പെട്ട് യൂണിയനുകള്‍ നടത്തിയ പ്രക്ഷോഭമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. സ്ഥിരം - കരാര്‍ അടിസ്ഥാനത്തില്‍ 600 ഓളം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. പ്രതിദിന വേതനത്തില്‍ 50 ശതമാനത്തോളം വര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെലവും എന്നാല്‍ കുറവ് ഉല്‍പ്പാദനക്ഷമതയുമുള്ള യൂണിറ്റാണ് കേരളത്തിലേത് എന്നാണ് വരുണ്‍ ബിവ്‌റേജസ് നേതൃത്വത്തിന്റെ പക്ഷം. യൂണിറ്റ് തുറക്കാന്‍ തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും കമ്പനി നേതൃത്വം അതിന് തയ്യാറായി മുന്നോട്ടുവന്നിട്ടില്ല.

മാരികോയുടെ കഞ്ചിക്കോട്ടെ യൂണിറ്റും ഇതിനു മുമ്പേ അടച്ചുപൂട്ടിയിരുന്നു. 125 ഓളം പേര്‍ക്കാണ് ഈ യൂണിറ്റ് പൂട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ടത്. മാരികോയുടെ ഈ യൂണിറ്റിന് പല ഉല്‍പ്പന്നങ്ങളും സപ്ലെ ചെയ്തിരുന്ന ഏറ്റവും ചുരുങ്ങിയത് നാല് യൂണിറ്റുകളെങ്കിലും കമ്പനി പൂട്ടിയതോടെ കഷ്ടത്തിലായി. ഈ അനുബന്ധയൂണിറ്റുകളില്‍ തൊഴില്‍ ചെയ്തിരുന്ന നൂറുകണക്കിനാളുകള്‍ക്ക് അതുമൂലം തൊഴിലും ഇല്ലാതായി!

വേതനം ഇനിയും കൂടിയാല്‍ പ്ലാന്റ് പൂട്ടിപ്പോകും

ഇപ്പോള്‍ വേതന വര്‍ധന ആവശ്യപ്പെട്ട് യൂണിയനുകള്‍ രംഗത്ത് വന്നിരിക്കുന്ന റബ്ഫില ഇന്റര്‍നാഷണലിന് കോവിഡ് വന്നതോടെ ബിസിനസ് രംഗത്ത് തിരിച്ചടിയുണ്ടായിട്ടുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നമായ റബര്‍ ത്രെഡ്‌സ് കൂടുതലായും ഗാര്‍മെന്റ് രംഗത്തേക്കാണ് പോകുന്നത്. ആ രംഗത്തെ പ്രതിസന്ധി റബ്ഫിലയെയും ബാധിക്കുന്നുണ്ട്. ''മാസ്‌ക് നിര്‍മാണത്തിനായി റബര്‍ ത്രെഡ്് പോകുന്നതും കയറ്റുമതി കരാറുകള്‍ മത്സരാധിഷ്ഠിത വിലയില്‍ പിടിച്ചതുമാണ് ഇപ്പോള്‍ കമ്പനിക്കുള്ള പിടിവള്ളി. കോവിഡ് എത്രകാലം ഇവിടെയുണ്ടാകുമെന്നറിയില്ല. ബിസിനസുകളുടെ നിലനില്‍പ്പാണ് ഇപ്പോള്‍ പ്രധാനം. തൊഴിലാളികള്‍ക്ക് വേതനം കൂട്ടാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഒരു വര്‍ഷമെങ്കിലും യൂണിയനുകള്‍ സഹകരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാകും,'' റബ്ഫില ഇന്റര്‍നാഷണലിന്റെ സാരഥി ജി. കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് കഞ്ചിക്കോട് പ്രശ്‌നങ്ങള്‍ തലപൊക്കുന്നു?

ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി വിഭാഗീയത വരെ കഞ്ചിക്കോട്ടെ വ്യവസായ യൂണിറ്റുകളിലെ തൊഴിലാളി പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. കഞ്ചിക്കോട്ടെ യൂണിറ്റുകളിലെ തൊഴിലാളി യൂണിയനുകള്‍ പലരും രാഷ്ട്രീയരംഗത്തെ മുന്നോട്ടുള്ള യാത്രയ്ക്ക് ചവിട്ടുപടിയാക്കുന്നുണ്ട്. പ്രാദേശിക തലത്തിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാകാന്‍ വേണ്ടിയും അണികളെ കൂടെ നിര്‍ത്താനും സമരങ്ങളെയും പ്രക്ഷോഭങ്ങളെയും പലരും വിനിയോഗിക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ പ്രാദേശിക തലത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കാനും അണികളെ ഊര്‍ജ്ജസ്വലരാക്കാനും യൂണിയന്‍ പ്രവര്‍ത്തനം മറയാക്കുന്നുണ്ട്. നല്ല രീതിയില്‍ നടക്കുന്ന പ്രസ്ഥാനങ്ങളില്‍ പ്രശ്‌നമുണ്ടാകുന്നതോടെ അതിവേഗ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നതോടെ ഇവരുടെ ലക്ഷ്യങ്ങളും സാധിക്കും. എന്നാല്‍ കോവിഡ് പടരുന്ന ഇക്കാലത്ത് സങ്കുചിതതാല്‍പ്പര്യത്തോടെ നടത്തുന്ന നീക്കം സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ തന്നെ തകര്‍ക്കും.

ആ ആയിരക്കണക്കിന് ഏക്കറിലേക്ക് ആരുവരും?

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് സ്ഥലസൗകര്യമൊരുക്കാന്‍ ആയിരക്കണിക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഇതിനിടെയുണ്ട്. ''നിലവിലുള്ള യൂണിറ്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തനം നടത്താന്‍ സാഹചര്യമൊരുക്കിയില്ലെങ്കില്‍ പുതിയ യൂണിറ്റുകളെ എങ്ങനെ ആകര്‍ഷിക്കാന്‍ സാധിക്കും. 3000 ത്തോളം വനിതകള്‍ക്ക് പരിശീലനം നല്‍കി ജോലി നല്‍കാന്‍ വേണ്ടി കിറ്റെക്‌സ് ഇവിടെ തുടങ്ങിയ സ്ഥാപനം പൂട്ടിപ്പോയി. മാരികോ പൂട്ടി. പെപ്‌സി പൂട്ടി. നിലവിലുള്ള പല യൂണിറ്റുകളുടെ പുതിയ യൂണിറ്റുകള്‍ തമിഴ്‌നാട്ടിലൊക്കെയാണ് വരുന്നത്. ജപ്പാന്‍ കമ്പനിയായ കോസോ, ജപ്പാന് പുറത്ത് അവരുടെ അത്യാധുനിക പ്ലാന്റ് സ്ഥാപിച്ചത് കഞ്ചിക്കോടാണ്. അവര്‍ പോലും മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു, ഇവിടെ പ്രവര്‍ത്തനം ചുരുങ്ങിയ രീതിയിലാക്കിക്കൊണ്ട്. എന്തുകൊണ്ട്് ഈ സാഹചര്യം കഞ്ചിക്കോട് വരുന്നു? തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാഹചര്യമൊന്നും പുതിയ കാലത്തില്ല. നിക്ഷേപകരാണിപ്പോള്‍ കഷ്ടപ്പെടുന്നത്,'' കഞ്ചിക്കോട്ടെ വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറത്തിന്റെ സെക്രട്ടറി കിരണ്‍ കുമാര്‍ പറയുന്നു.

തൊഴിലാളി യൂണിയനുകളിലെ വളരെ ചെറിയൊരു വിഭാഗത്തിന്റെ കടുംപിടുത്തമാണ് കഞ്ചിക്കോട്ടെ കാര്യങ്ങള്‍ അവതാളത്തിലാക്കുന്നതെന്ന് ഫോറത്തിന്റെ പ്രസിഡന്റ് ഖാലിദ് വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയിരിക്കുന്ന പ്രവാസികളോട് വരെ ഇവിടെ സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള അനഭലഷണീയമായ കാര്യങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ കേരളത്തിലും സംരംഭങ്ങള്‍ വരില്ല. തൊഴിലും സൃഷ്ടിക്കപ്പെടില്ല. സാഹചര്യങ്ങള്‍ മനസ്സിലാക്കി ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റം വരേണ്ടത് അനിവാര്യമാണ്. പ്രാദേശികമായ പ്രശ്‌നമായി ഇത്തരം കാര്യങ്ങള്‍ക്കു നേരെ മുതിര്‍ന്ന നേതാക്കള്‍ മുഖം തിരിക്കുന്നതും കേരളത്തിന്റെ വ്യവസായ പുരോഗതിക്കും വിഘാതമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it