കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഷിക വിപ്ലവത്തിന്റെ ടേക്ക് ഓഫ്!

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കിയാല്‍) ഭാവി വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കൃഷി നടത്താന്‍ ഒരുങ്ങുന്നു. കൃഷിയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കുള്ള സൗകര്യവും ആരംഭിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അധികൃതര്‍ താല്‍പര്യ പത്രം ക്ഷണിച്ചിരുന്നു.

വിമാനത്താവളത്തിന്റെ വികസന സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അധികമായി ഏറ്റെടുത്ത ഭൂമിയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.

ഇതേതുടര്‍ന്ന് കണ്ണൂരിലെ നാച്ചുറല്‍ മലബാര്‍ ഫ്രൂട്ട്‌സ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ഈ ഭൂമിയില്‍ കൃഷിയോഗ്യമായ ഭാഗം പാട്ടത്തിന് എടുത്ത് കൃഷിക്കൊരുങ്ങുന്നത്. തുടക്കത്തില്‍ 10 വര്‍ഷത്തേക്കാണ് ഭൂമി ലീസിന് അനുവദിക്കുന്നത്. എന്നാല്‍ ഈ കാലയളവ് നീട്ടി നല്‍കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. 30 വര്‍ഷത്തേക്കെങ്കിലും വിമാനത്താവളത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത സ്ഥലമാണ് ലീസിന് നല്‍കുന്നത്.

വിമാനത്താവള അധികൃതര്‍ ഭൂമി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന മേഖലകളില്‍ കൃഷി ഉണ്ടായിരുന്നില്ല. റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഉപയോഗത്തിനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഈ ഭൂമി എങ്ങനെ ഉപയോഗിക്കാം എന്ന ചര്‍ച്ചകള്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സുമായി അധികൃതര്‍ നടത്തിയിരുന്നു. ആ ചര്‍ച്ചയില്‍ കൃഷി കൂടെ ഉല്‍പ്പെടുത്താം എന്ന ആശയം ഉയര്‍ന്നു വന്നു. തുടര്‍ന്ന് കൃഷിക്ക് കൂടെ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് കമ്പനി അധികൃതരെ സമീപിക്കുകയായിരുന്നു.

എത്ര രൂപയാണ് ലീസ് തുകയായി നല്‍കേണ്ടി വരുന്നതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ജനുവരി 29നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കര്‍ഷകര്‍ നല്‍കുന്ന പ്രോജക്ട് റിപ്പോര്‍ട്ടില്‍ ലീസ് തുക ക്വാട്ട് ചെയ്യുമെങ്കിലും അന്തിമ തീരുമാനം എടുക്കുക വിമാനത്താവള അധികൃതരാണ്.

ദിവസവും വിമാനത്താവളം വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നതിനായി പച്ചക്കറി ഉല്‍പാദനത്തോടൊപ്പം ഹ്രസ്വകാല വിളകള്‍ മുതല്‍ ദീര്‍ഘകാല വിളകള്‍ വരെ കൃഷി ചെയ്യാനാണ് പദ്ധതി. കമ്പനിയിലെ കര്‍ഷകര്‍ക്കൊപ്പം സഹകരിക്കാന്‍ താല്‍പര്യമുള്ളവരേയും ഈ പദ്ധതിയിലേക്ക് കൂടെക്കൂട്ടുമെന്ന് മൂസ പറഞ്ഞു.

ഈ ഭൂമി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫാര്‍മേഴ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി വരുന്നു. ഈ മാസം 29നാണ് വിമാനത്താവള അധികൃതര്‍ക്ക് അപേക്ഷയും പദ്ധതിയുടെ വിവരങ്ങളും സമര്‍പ്പിക്കേണ്ടത്.

വിമാനത്താവളത്തിന്റെ നൂറ് ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് വിമാനത്താവള അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കമ്പനിയുടെ പി ആര്‍ ഒയും ഡയറക്ടറുമായ മൂസ ഷിഫ പറഞ്ഞു. കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത 25 വര്‍ഷത്തിനുശേഷമുള്ള വിമാനത്താവളത്തിന്റെ വികസനത്തിനായി ഏറ്റെടുത്തിട്ടിരിക്കുന്ന ഭൂമിയിലാണ് കൃഷിക്ക് ലഭിക്കുകയെന്ന് മൂസ പറഞ്ഞു. കൃഷിക്കൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. കയറ്റുമതിയും നടത്തും.
അടുത്ത മാസം വിമാനത്താവളത്തില്‍ ഉല്‍ഘാടനം ചെയ്യുന്ന കാര്‍ഗോ കോംപ്ലക്‌സിന്റെ ഗുണം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് അധിക സ്ഥലത്തെ വിവിധ ആവശ്യങ്ങള്‍ക്കായി വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. കൃഷിക്കൊപ്പം വിമാനത്താവളത്തിന്റെ വികസനവും നടക്കണമെന്നാണ് ആവശ്യമെന്ന് മൂസ പറഞ്ഞു.

ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവരേയും സഹകരിപ്പിക്കും. ചിലര്‍ക്ക് കൃഷി ചെയ്യാനാകും. എന്നാല്‍ മറ്റു ചിലര്‍ക്ക് നിക്ഷേപം നടത്താന്‍ ആകും താല്‍പര്യമെന്ന് മൂസ പറഞ്ഞു.
പാഷന്‍ ഫ്രൂട്ട് ഒരു ഏക്കറില്‍ രണ്ട് മൂന്ന് ലക്ഷം രൂപയുടെ ചെലവ് വരും. ഒരു വാഴയ്ക്ക് 200 ഓളം രൂപയാണ് ചെലവ് വരിക. പാഷന്‍ ഫ്രൂട്ട് നാലഞ്ച് വര്‍ഷം നിലനില്‍ക്കും. എന്നാല്‍ വാഴയാകട്ടെ ഒമ്പത് മാസം മതിയാകും. അതിനാല്‍ ഹ്രസ്വ കാല, ദീര്‍ഘ കാല വിളകളെ സംയോജിപ്പിച്ചാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

2020 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി കണ്ണൂര്‍, കാസര്‍ഗോഡ്, കര്‍ണാടകയിലെ കുശാല്‍നഗര്‍ എന്നിവിടങ്ങളില്‍ 100 ഓളം ഏക്കറില്‍ കൃഷി ചെയ്തു വരുന്നു. പാഷന്‍ ഫ്രൂട്ട്, കപ്പ, തക്കാളി, തണ്ണിമത്തന്‍, വാഴ പോലുള്ള ഇനങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. 550 കര്‍ഷകരുടെ കൂട്ടായ്മയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി. കര്‍ഷകര്‍ക്കായി കോമണ്‍ ഫെസിലിറ്റി സെന്റര്‍ വഴി സഹായവും കമ്പനി നല്‍കുന്നുണ്ട്.

ധര്‍മ്മശാലയിലെ കേരള സെറാമിക്‌സ് എന്ന പൊതു മേഖല കമ്പനിയുടെ അഞ്ച് ഏക്കര്‍ സ്ഥലത്ത് പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ഫാര്‍മേഴ്‌സ് കമ്പനി സഹായിക്കുന്നുണ്ട്. കണ്‍സള്‍ട്ടിങ് ആയിട്ടാണ് ചെയ്യുന്നത്. കൃഷിക്കു വേണ്ട ചെലവ് പൊതു മേഖല കമ്പനിയാണ് വഹിക്കുന്നത്.

വിമാനത്താവളത്തിന് സമീപത്തെ റിങ് റോഡിന് പുറത്തായുള്ള കൃഷിക്ക് അനുയോജ്യമായ സ്ഥലത്താണ് കൃഷി ചെയ്യാന്‍ ഒരുങ്ങുന്നത്. അതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത് കൊണ്ടാകും കൃഷിക്കായി അധികൃതര്‍ നല്‍കുന്നതെന്ന് മൂസ പറഞ്ഞു. വലിയ മരങ്ങള്‍ നടാനുള്ള അനുവാദം ലഭിക്കില്ല.

കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച രണ്ടാമത്തെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണ് കണ്ണൂരിലേത്. ഘട്ടം ഘട്ടമായുള്ള വികസനമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഉത്തര മലബാറിന്റെ അന്താരാഷ്ട്ര കവാടമായിട്ടാണ് വിമാനത്താവളത്തെ വിഭാനം ചെയ്തിരിക്കുന്നത്. കൂടാതെ, ഈ മേഖലയിലെ എയര്‍ കാര്‍ഗോ ഹബ്ബ് ആയും പ്രവര്‍ത്തിക്കും.

വിമാനത്താവളത്തോട് അനുബന്ധിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും വെല്‍നെസ്സ് സെന്ററും കണ്‍വെന്‍ഷന്‍ സെന്ററും പഞ്ച നക്ഷത്ര, നാല് നക്ഷത്ര ഹോട്ടലുകളും ഷോപ്പിങ് ആര്‍ക്കേഡും നിര്‍മ്മിക്കാന്‍ സ്ഥലം ലീസിന് നല്‍കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it