തകര്‍ന്നടിഞ്ഞപ്പോഴും പ്രതീക്ഷ കൈവിടാതെ ടൂറിസം മേഖല

കേരളത്തിലെ മഴക്കെടുതികളും വെള്ളപ്പൊക്കവും ഏറ്റവുമാദ്യം ബാധിച്ചവയിലൊന്ന് വിനോദ സഞ്ചാര മേഖലയാണ്. 35,000 കോടി രൂപയോളം വിനോദസഞ്ചാര മേഖലയിലൂടെ കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിച്ചപ്പോള്‍ ഇത്തവണ അതിന്റെ പകുതി പോലും നേടാനാവില്ലെന്നാണ് മേഖലയില്‍ നിന്നുള്ള സൂചനകള്‍.

1.47 കോടി ആഭ്യന്തര യാത്രക്കാരും 11 ലക്ഷത്തോളം വിദേശികളും കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്തിയപ്പോഴാണ് ഈ തുക നേടാനായത്. എന്നാല്‍ വിനോദ സഞ്ചാര സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ മഴ എല്ലാ കൊണ്ടു പോയ നിലയാണ്.

ഓഗസ്റ്റ് മാസത്തിലെ എല്ലാ ബുക്കിംഗും കാന്‍സല്‍ ചെയ്തു പോകുകയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് കേരള ചാപ്റ്റര്‍ ചെയര്‍മാ സിജോ ജോസ് പറയുന്നു. പലരോടും ഞങ്ങള്‍ തന്നെ അങ്ങോട്ട് പറയുകയായിരുന്നു, ഇപ്പോള്‍ ഇങ്ങോട്ട് വരരരുതെന്ന്. കാരണം, വന്നു കഴിഞ്ഞ് ഈ സ്ഥിതിയെ കുറിച്ച് അവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നല്‍കുന്ന വിവരങ്ങള്‍ ഭാവിയെയും ദോഷകരമായി ബാധിച്ചേക്കുമെന്ന പേടിയാണ്- സിജോ പറയുന്നു.

വയനാട്ടിലെ ഏതാണ്ടെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വയനാട്ടിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയായിരുന്നു ഇതു വരെ. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടു നിന്നുമുള്ള റോഡുകളില്‍ തടസ്സം ഉണ്ടായപ്പോള്‍ മൈസൂരില്‍ നിന്നുള്ള വഴിയില്‍ നന്തന്‍കോട്ട് ഉണ്ടായ വെള്ളപ്പൊക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവിനെയും ബാധിച്ചു.

വയനാട്ടിലെ എല്ലാ ടൂറിസം പാക്കേജ് ബുക്കിംഗും ഫലത്തില്‍ ഇല്ലാതായി. എന്നാല്‍ ഇപ്പോള്‍ എല്ലാ ഭാഗത്തു നിന്നും എത്തിപ്പെടാനുള്ള സൗകര്യം പുനഃസ്ഥാപിച്ചിട്ടുണ്ട്. വെള്ളമിറങ്ങിത്തുടങ്ങുന്നതോടെ വീണ്ടും സജീവമാകാമെന്ന കണക്കുകൂട്ടലിലാണ് ഈ മേഖലയിലുള്ളവര്‍.

നിപ്പ വൈറസ് കോഴിക്കോട് ജില്ലയെ വലിയ പ്രതിസന്ധിയിലാഴ്ത്തിയപ്പോള്‍ അത് വയനാട്ടിലെ ടൂറിസം മേഖലയെയും സാരമായി ബാധിച്ചിരുന്നു. അതില്‍ നിന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കൂനിന്മേല്‍ കുരു എന്ന പോലെ പ്രകൃതി ദുരന്തം.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ ടൂറിസത്തിലൂടെ വയനാട് നഷ്ടം നികത്തി വരുന്നതിനിടെ എത്തിയ ദുരന്തം ഹോട്ടല്‍ മേഖലയെയും ഷോപ്പിംഗ്, ടാക്‌സി സര്‍വീസ്, സുഗന്ധവ്യഞ്ജനങ്ങളുടെ റീറ്റെയ്ല്‍ ഷോപ്പുകള്‍ തുടങ്ങി എല്ലാ മേഖലയെയും ബാധിച്ചുവെന്ന് ഗ്രൂവയനാട് ഹോളിഡേയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാം കെ വര്‍ഗീസ് പറയുന്നു. ഇതിനു പുറമേ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി.

മുന്‍കൂട്ടി ബുക്ക് ചെയ്ത പല സഞ്ചാരികളെയും കൂര്‍ഗിലേക്ക് വഴിതിരിച്ചു വിടുകയാണ് വയനാട്ടിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചെയ്തത്. കൂര്‍ഗിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതോടെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വന്നു.

കാര്‍ഷിക വിളയുടെ വിലയിടിവിനെ തുടര്‍ന്ന് വയനാട് ടൂറിസം മേഖലയില്‍ ഭാവി കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ഈ തിരിച്ചടി. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടി വരുന്നതുമായിരുന്നു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലേക്കുള്ള ബുക്കിംഗ് നടക്കേണ്ട സമയമാണിത്. എന്നാല്‍ അന്വേഷണങ്ങളൊന്നും വരുന്നില്ല എന്നതാണ് ടൂര്‍ ഓപ്പറേറ്റര്‍മാരെയും മറ്റും ആശങ്കപ്പെടുത്തുന്നത്.

പ്രതീക്ഷ കൈവിടാതെ

സെപ്തംബറോടെ കാര്യങ്ങള്‍ ശരിയാകുമെന്നാണ് പ്രതീക്ഷയെന്ന് സിജോ പറയുന്നു. അതിനായി സര്‍ക്കാരും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമങ്ങളും ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രളയക്കെടുതി ഒഴിയുന്നതോടെ പോസിറ്റീവായ വാര്‍ത്തകള്‍ പ്രചരിക്കണം. ഹോട്ടലുകളും റോഡുകളും വിമാനത്താവളങ്ങളും എല്ലാം പ്രവര്‍ത്തന സജ്ജമാണെന്ന വിവരം എല്ലായിടത്തും പ്രചരിക്കണം. സെപ്തംബര്‍ അവസാനത്തോടെ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടും ഈ രംഗത്ത് ഉണര്‍വിന് കാരണമാകുമെന്നും ടൂറിസം മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നു.

Related Articles
Next Story
Videos
Share it