Begin typing your search above and press return to search.
ഇവര്‍ വൈദ്യുത വാഹന രംഗത്തെ 'കേരള ബോയ്‌സ്'; പുതുതായി തുറക്കുന്നത് 1,200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍
കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് ബിരുദവും നേടി 2018ല്‍ പുറത്തിറങ്ങിയ 4 പയ്യന്മാര്‍ ചേര്‍ന്ന് 2019ല്‍ തുടക്കമിട്ട വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പ് ഇന്ന് വന്‍ കുതിപ്പിന്റെ പാതയിലാണ്. കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ചാര്‍ജിംഗ് ശൃംഖലകളിലൊന്നുമാണ് ഇവര്‍ സ്ഥാപിച്ച ചാര്‍ജ്‌മോഡ് (ChargeMOD) എന്ന കമ്പനി.
സംസ്ഥാനത്ത് ഓരോ 5 കിലോമീറ്ററിലും ചാര്‍ജ്‌മോഡിന്റെ വൈദ്യുത വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുണ്ട്. ഇത് സാധാരണ (Slow) ചാര്‍ജിംഗ് സ്‌റ്റേഷനാണ്. ഓരോ 30 കിലോമീറ്ററിലും അതിവേഗ (Fast) ചാര്‍ജിംഗ് സ്‌റ്റേഷനുകളുമുണ്ട്. കേരളത്തില്‍ ആകെയുള്ള 1,800 ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ 1,500 എണ്ണവും ചാര്‍ജ്‌മോഡിന്റേതാണെന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ എം. രാമനുണ്ണി പറഞ്ഞു.
മുന്നേറ്റത്തിന്റെ പാതയില്‍
നിലവില്‍ കേരളത്തില്‍ 1,500 ചാര്‍ജിംഗ് സ്റ്റേഷനുകളും മറ്റ് 9 സംസ്ഥാനങ്ങളിലായി 2,000വും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ചാര്‍ജ്‌മോഡിനുണ്ട്. ഒറ്റ ചാര്‍ജിംഗ് സ്റ്റേഷനും കമ്പനി സ്വന്തമായി നടത്തുന്നില്ല. സ്ഥലസൗകര്യം ലഭ്യമാക്കുന്നവര്‍ക്ക് ചാര്‍ജിംഗ് ഹാര്‍ഡ്‌വെയര്‍ സൊല്യൂഷന്‍, സോഫ്റ്റ്‌വെയര്‍ എന്നിവ ലഭ്യമാക്കുകയും സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുകയുമാണ് കമ്പനി ചെയ്യുന്നതെന്ന് എം. രാമനുണ്ണി പറഞ്ഞു.
ഹാര്‍ഡ്‌വെയര്‍ സൊല്യൂഷന്‍, സോഫ്റ്റ്‌വെയര്‍ എന്നിവയുടെ വിതരണം, സ്റ്റേഷനുകളുടെ പ്രവര്‍ത്തന കൈകാര്യം എന്നിവയില്‍ നിന്നുള്ള വരുമാന വിഹിതമാണ് കമ്പനിക്ക് ലഭിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെമ്പാടുമായി 1,200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതില്‍ 1,000 സ്ലോ ചാര്‍ജിംഗ് സ്‌റ്റേഷനുകളും (ചാര്‍ജിംഗ് സമയം 10 മണിക്കൂര്‍ വരെ) 200 എണ്ണം ഫാസ്റ്റ് ചാര്‍ജിംഗ് (30-40 മിനിട്ടില്‍ ഫുള്‍ചാര്‍ജ്) സ്റ്റേഷനുകളുമായിരിക്കും. കേരളത്തില്‍ 500 സാധാരണ സ്റ്റേഷനുകളും 100 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. കേരളത്തില്‍ കമ്പനിയുടെ നിലവിലെ സ്റ്റേഷനുകളില്‍ 1,300 എണ്ണവും സ്ലോ ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ്.
കേരളത്തിലെ ഒരേയൊരു നിര്‍മ്മാതാവ്
എം. രാമനുണ്ണിയും സുഹൃത്തുക്കളും സഹപാഠികളുമായ വി. അനൂപ് (ചാര്‍ജ്‌മോഡ് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജര്‍), ഓപ്പറേഷന്‍സ് മാനേജര്‍ സി. അദ്വൈത്, ടാന്‍ജിബിള്‍ പ്രോഡക്ട് ഹെഡ് മിഥുന്‍ കൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് സ്ഥാപിച്ചാതാണ് ചാര്‍ജ്‌മോഡ് സ്റ്റാര്‍ട്ടപ്പ്.
ഇതിനകം കമ്പനി 4.5 കോടി രൂപ മൂലധനം സമാഹരിച്ചിട്ടുണ്ട്. കൂടുതല്‍ ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നാണ്. 2.5 കോടി രൂപയുടെ ഏഞ്ചല്‍ നിക്ഷേപം തൃശൂര്‍ ആസ്ഥാനമായ ഫീനിക്‌സില്‍ നിന്ന് ലഭിച്ചിരുന്നു. ഇനി സീഡ് ഫണ്ടിംഗിലൂടെ 2 മില്യണ്‍ ഡോളര്‍ (ഏകദേശം 17 കോടി രൂപ) സമാഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എം. രാമനുണ്ണി പറഞ്ഞു. കേരളത്തില്‍ ചാര്‍ജിംഗ് സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്ന ഏക കമ്പനിയാണ് ചാര്‍ജ്‌മോഡെന്നും അദ്ദേഹം പറഞ്ഞു.
ലാഭത്തിന്റെ കുതിപ്പ്; ഉപഭോക്തൃനിരയില്‍ പ്രമുഖര്‍
2021-22 സാമ്പത്തിക വര്‍ഷം 84 ലക്ഷം രൂപയുടെ വിറ്റുവരവ് കമ്പനി നേടി. 2022-23ല്‍ ഇത് 2.5 കോടി രൂപയായി. നടപ്പുവര്‍ഷം 9-10 കോടി രൂപ പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നാല് മടങ്ങ് വളര്‍ച്ചയുമാണ് പ്രതീക്ഷിക്കുന്നതെന്ന് രാമനുണ്ണി വ്യക്തമാക്കി. കോഴിക്കോടിന് പുറമേ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ കമ്പനിക്ക് ഓഫീസുണ്ട്. പൂനെയില്‍ നിര്‍മ്മാണ പ്ലാന്റുമുണ്ട്. ആകെ 52 ജീവനക്കാര്‍. ഇതില്‍ 46 പേരും ടെക്‌നിക്കല്‍ ജീവനക്കാരാണ്.
ചാര്‍ജ്‌മോഡ് മൊബൈല്‍ ആപ്പ് വഴി വൈദ്യുത വാഹന (EV) ഉടമകള്‍ക്ക് ചാര്‍ജ്‌മോഡിന്റെ സ്‌റ്റേഷനുകള്‍ തെരഞ്ഞ് കണ്ടെത്താം. 6 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പാണിത്. ടൂവീലറും ഓട്ടോയും കാറും മുതല്‍ ബസും ട്രക്കും വരെ ചാര്‍ജ്‌മോഡിന്റെ സ്‌റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യാം.
കെ.എസ്.ഇ.ബി., അനെര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, മുരുഗപ്പ ഗ്രൂപ്പ്, കെല്‍ട്രോണ്‍, കൊച്ചി മെട്രോ (KMRL) തുടങ്ങി ചാര്‍ജ്‌മോഡിന്റെ ഉപയോക്തൃനിരയിലുള്ളത് പ്രമുഖരാണ്. കൊച്ചി മെട്രോയുടെ ഫീഡര്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് ചാര്‍ജിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത് ചാര്‍ജ്‌മോഡാണ്.
സംരംഭകരാകാം, നേട്ടം കൊയ്യാം
സാധാരണ പെട്ടിക്കടകള്‍ മുതല്‍ വന്‍കിട ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ വരെ ചാര്‍ജ്‌മോഡിന്റെ ചാര്‍ജിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കാമെന്ന് എം. രാമനുണ്ണി പറഞ്ഞു. ചാര്‍ജ് ചെയ്യേണ്ട വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം മാത്രം മതി. 5,000 രൂപ മുതല്‍ മൂലധനത്തില്‍ ചാര്‍ജിംഗ് സൗകര്യം സ്ഥാപിക്കാം. സ്വന്തമായി വൈദ്യുത വാഹനങ്ങളുള്ളവര്‍ക്ക് വീടുകളിലും ഈ സൗകര്യം സ്ഥാപിക്കാം. കേരളത്തില്‍ 150ലേറെ പേര്‍ ഇത്തരത്തില്‍ ചാര്‍ജ്‌മോഡിന്റെ ചാര്‍ജിംഗ് സൗകര്യം സ്ഥാപിച്ചിട്ടുണ്ട്.
ചാര്‍ജ്‌മോഡിന്റെ രാജ്യമെമ്പാടുമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി ഇതിനകം രണ്ടുലക്ഷത്തിലധികം തവണ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസം ശരാശരി 120 പേര്‍ പുതുതായി ചാര്‍ജ് ചെയ്യാനെത്തുന്നു. ഏതാണ്ട് 40 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോഴുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം ഇതുവഴി ഒഴിവാക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നും 1.60 ലക്ഷം ലിറ്റര്‍ പെട്രോള്‍/ഡീസല്‍ ഇന്ധനവും ലാഭിച്ചുവെന്ന് എം. രാമനുണ്ണി പറഞ്ഞു.
മുന്നില്‍ വലിയ ലക്ഷ്യങ്ങള്‍
ഇതുവരെ 72,000ലേറെ പേര്‍ ചാര്‍ജ്‌മോഡ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്കായി 99 രൂപയുടെ മുതല്‍ പാക്കേജും കമ്പനി നല്‍കുന്നുണ്ട്.
സ്റ്റേഷനുകളെല്ലാം വാഹന ഉടമ സ്വയം ഉപയോഗിക്കേണ്ട വിധമാണ് ഒരുക്കിയിരിക്കുന്നത്. വാഹന ഉടമയ്ക്ക് തന്നെ ചാര്‍ജര്‍ വാഹനത്തില്‍ ഘടിപ്പിക്കാം. ഓണ്‍ലൈനായി പണവും അടയ്ക്കാം. മുഴുവന്‍സമയ പിന്തുണ ചാര്‍ജ്‌മോഡ് ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്യും.
''പഠിക്കുന്ന കാലത്തേയുള്ള 'പാഷന്‍' ആണ് ഞങ്ങളെ ഈ മേഖലയിലെത്തിച്ചത്. ചുരുങ്ങിയ വര്‍ഷത്തിനകം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചാര്‍ജിംഗ് ശൃംഖലകളിലൊന്നായി വളരുകയെന്നത് ഉള്‍പ്പെടെ വലിയ ലക്ഷ്യങ്ങളാണ് ഇനി മുന്നിലുള്ളത്'', എം. രാമനുണ്ണി പറഞ്ഞു.
Next Story
Videos