എംഎസ്എംഇ വായ്പാ പരിധി 2 കോടി രൂപയായി ഉയര്‍ത്തി KFC: 5% പലിശ നിരക്കില്‍ വായ്പ

എംഎസ്എംഇ വായ്പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC). മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യുടെ ഉയര്‍ന്ന വായ്പാപരിധി വഴിയാണ് 5 ശതമാനം പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുന്നത്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങള്‍ക്കാണ് ആനുകൂല്യം.

ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. സര്‍ക്കാരിന്റെ 3%-വും കെ.ഫ്.സി.യുടെ 2%-വും സബ്‌സിഡി വഴിയാണ് 5% പലിശ നിരക്കില്‍ വായ്പ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ 2122 യൂണിറ്റുകള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം 500 സംരംഭങ്ങള്‍ എന്ന നിരക്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം 500 കോടി രൂപ നീക്കിവയ്ക്കും.

എംഎസ്എംഇ രജിസ്‌ട്രേഷനുള്ള ഉള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയര്‍ന്ന പ്രായം 50 വയസ്സും എന്നതാണ് ഈ പദ്ധതിയില്‍ സംരംഭകരുടെ യോഗ്യത.

എന്നാല്‍ SC/ST സംരംഭകര്‍, വനിതാ സംരംഭകര്‍, പ്രവാസി മലയാളികള്‍ എന്നിവരുടെ പ്രായപരിധി 55 വയസ്സ് ആണ്. കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകള്‍ ലഭ്യമാണ്.

പദ്ധതി തുകയുടെ 90% വരെയും വായ്പ ലഭ്യമാകുന്നു. കൂടാതെ 2 കോടിയില്‍ കൂടുതല്‍ ഉള്ള വായ്പകളില്‍, 2 കോടി രൂപ വരെ 5% പലിശ നിരക്കിലും ബാക്കി വായ്പാ തുക സാധാരണ പലിശ നിരക്കിലുമാണ് വായ്പ ലഭ്യമാകുന്നത്. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും.

ബിസിനസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ MSMEകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 50% ഇളവും നല്‍കുന്നു. കൂടാതെ അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഇടപാടുകാര്‍ക്ക് 0.25% അധിക പലിശ ഇളവും നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it