പണത്തിന് ആവശ്യം വന്നാല്‍ മ്യൂച്വല്‍ഫണ്ട് ഇനി വില്‍ക്കേണ്ട; ഈടുവച്ച് വായ്പ എടുക്കാം, നേട്ടവും കൊയ്യാം

അടിയന്തരമായി പണം ആവശ്യമുള്ളവര്‍ ആദ്യം ആശ്രയിക്കുക വ്യക്തിഗത വായ്പകളെയാണ്. വേഗത്തില്‍ ലഭിക്കുമെന്നതാണ് ഗുണം. പക്ഷെ ഉയര്‍ന്ന പലിശ നിരക്ക് നല്‍കേണ്ടി വരും. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉള്ളവര്‍ക്ക് അത് ഈടായി വെച്ചുകൊണ്ട് താരതമ്യേന കുറഞ്ഞ നിരക്കില്‍ വായ്പ നേടാവുന്നതാണ്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കും. ഡെറ്റ് ഫണ്ടുകളുടെ നിക്ഷേപത്തിന്റെ 80 ശതമാനം വരെയാണിത്. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ആദായം വായ്പയെക്കാള്‍ കുറവാകാന്‍ സാധ്യതയുണ്ട്.
ഓഹരി വിപണിയില്‍ മുന്നേറ്റമുള്ളപ്പോള്‍ ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങള്‍ ഈട് വെച്ച് വായ്പ എടുക്കുന്നത് ആദായകരമായിരിക്കും. വായ്പ പലിശയെക്കാള്‍ കൂടുതല്‍ ആദായം ബുള്‍ തരംഗം ഉള്ളപ്പോള്‍ വായ്പ എടുക്കുന്നത് വഴി നേടാനാകും.
അടിയന്തര സാഹചര്യങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്നതിനെ കുറിച്ചായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ അതിനേക്കാള്‍ മെച്ചമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഈട് വെച്ച് വായ്പ എടുക്കുന്നത്. മ്യൂച്വല്‍ഫണ്ടുകള്‍ ഈടായുള്ള വായ്പകളുടെ പരിധിയും പലിശയും വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്തമാണ്. എസ്.ബി.ഐ ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 20 ലക്ഷം രൂപവരെ വായ്പ നല്‍കും. ഡെറ്റ് ഫണ്ടുകള്‍ക്ക് 5 കോടി രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. വായ്പ തുകയുടെ 0.50 ശതമാനം പ്രോസസിംഗ് ഫീസ് നല്‍കണം. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ എം.സി.എല്‍.ആര്‍ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് വായ്പ പലിശ നിശ്ചയിക്കുന്നത്.
വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ എന്നിവയെക്കാള്‍ കുറഞ്ഞ നിരക്കില്‍ മ്യൂച്വല്‍ ഫണ്ട് വായ്പകള്‍ ലഭിക്കുന്നത് കൊണ്ട് അടിയന്തര ആവശ്യങ്ങള്‍ക്ക് എന്തു കൊണ്ടും പരിഗണിക്കാവുന്നതാണ് ഇത്തരം വായ്പകള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it