ഗ്രൂപ്പ് കമ്പനികളെ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങി മഹീന്ദ്ര & മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 കമ്പനികള്‍ പബ്ലിക് ലിസ്റ്റിംഗ് ചെയ്യാനൊരുങ്ങുന്നു. പുതിയ നിക്ഷേപകരിലൂടെ ഈ കമ്പനികളെ കൂടുതല്‍ മൂല്യമുള്ളതാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. മൊബിലിറ്റി, ക്ലീന്‍ എനര്‍ജി, റൂറല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി തുടങ്ങിയ ഭാവി സാധ്യതകളുള്ള മേഖലകളിലെ 10 കമ്പനികളെയാണ് കമ്പനി ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ അനിഷ് ഷാ ലൈവ് മിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രൂപ്പ്രിന്റെ നിയുക്ത മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് ഷാ. നിലവില്‍ ഈ സ്ഥാനം അലങ്കരിക്കുന്ന പവന്‍ ഗോയെങ്ക വരുന്ന ഏപ്രിലില്‍ സ്ഥനമൊഴിയും.
ക്ലീന്‍ടെക് സ്ഥാപനമായ മഹീന്ദ്ര സസ്റ്റെന്‍, ഡീസല്‍ ജനറേറ്റര്‍ നിര്‍മാണക്കമ്പനിയായ മഹീന്ദ്ര പവറോള്‍, ഇലക്ട്രിക്കല്‍ സ്റ്റീല്‍ പ്രോസസര്‍ സ്ഥാപനമായ മഹീന്ദ്ര, ആക്‌സെലോ, സപ്ലൈ ചെയ്ന്‍ കണ്‍സള്‍ട്ടന്റായ ബ്രിസില്‍കോണ്‍, ജോ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി, യൂസ്്ഡ് കാര്‍ കമ്പനിയായ ഫസ്റ്റ് ചോയ്‌സ് എന്നീ കമ്പനികളെയാണ് അടുത്ത 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യുക.
രണ്ട് മൂന്ന് ബിസിനസുകളുടെ ഐപിഒ 2-3 വര്‍ഷത്തിനുള്ളില്‍ തന്നെയുണ്ടാകും. അടുത്തത് 3-5 വര്‍ഷത്തിനുള്ളിലും പിന്നീടുള്ള കമ്പനികള്‍ 5-7 വര്‍ഷത്തിനുള്ളിലുമാകും ഐപിഒയുമായി എത്തുക.
മധ്യകാലത്തില്‍ 18 ശതമാനം ഓഹരി നേട്ടം ഉറപ്പു നല്‍കുന്ന വിധിത്തില്‍ മഹീന്ദ്രയുടെ സ്ട്രാറ്റജിക് പ്ലാന്‍ അനുസരിച്ചാണ് ഈ 10 കമ്പനികളെ കണ്ടെത്തിയിട്ടുള്ളതെന്ന് ഷാ പറയുന്നു. ഇതിനായി സാങ് യോങ് മോട്ടോര്‍ കോ, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബാക്ക് സ്റ്റാര്‍ട്ടപ്പായ ജെന്‍സ് , ഓസ്‌ട്രേലിയ ആസ്ഥാനമായ ചെറു എയര്‍ ക്രാഫ്റ്റ് നിര്‍മാണ കമ്പനിയായ ഗിപ്‌സ് ഏയ്‌റോ എന്നീ നഷ്ടത്തിലുള്ള യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനി തീരുമാനമെടുത്തിട്ടുണ്ട്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൊത്തം വരുമാനത്തില്‍ വളരെയൊരു ചെറിയ വിഹിതം മാത്രമാണ് ഈ കമ്പനികളുടേതെങ്കിലും ഇവയുടെ സഞ്ചിത വരുമാനം 10,000 കോടി രൂപയാണ്.