Begin typing your search above and press return to search.
ഉത്പാദന മേഖലയില്‍ മുന്നേറ്റം, പ്രതീക്ഷയോടെ 2022
രാജ്യത്തെ ഉത്പാദന മേഖലയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്നേറ്റം ഉണ്ടായത് 2022 ല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുക്കള്‍ പ്രകാരം നവംബറില്‍ കല്‍ക്കരി ഉത്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 % ഉയര്‍ന്നു, പ്രകൃതി വാതകം 23.7 %, സ്റ്റീല്‍ 0.8 %, പെട്രോളിയം ഉത്പന്നങ്ങള്‍ 4.3 %, സിമന്റ് 1.5 % എന്നിങ്ങനെ ഉത്പാദനം വര്‍ധിച്ചു.
ഉത്പാദന മേഖലയില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ഡിസംബര്‍ മാസം ലഭിച്ചതായി ഐ എച്ച് എസ് മാര്‍കിറ്റ് എന്ന മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. ഡിസംബറിലെ പര്‍ച്ചേ സിംഗ് മാനേജേഴ്‌സ് സൂചിക (P M I ) 55.5 രേഖപ്പെടുത്തി. നവംബറില്‍ പി എം ഐ 57.6. ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് ശക്തമാകുന്നതിന്റെ സൂചനയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് ഉണ്ടാക്കിയ ഭാരം കമ്പനികള്‍ ഉപഭോക്താക്കളുടെ ചുമലിലേക്ക് കൈമാറുകയാണ്.രാസ വസ്തുക്കള്‍, ലോഹങ്ങള്‍, ഇലക്ട്രോണിക് കംപോണന്റ്‌സ്, തുണിത്തരങ്ങള്‍ എന്നിവയുടെ വിലയിലാണ് വര്‍ധനവ് ഉണ്ടായത്.
ഡിസംബറില്‍ ജി എസ് ടി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 % വര്‍ധിച്ച് 1,29 ,780 കോടി രൂപയായി. വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ടറി (ഫിക്കി) യുടെ വിലയിരുത്തല്‍ പ്രകാരം 2022 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇനിയും മെച്ചപ്പെടുമെന്നാണ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 20.1 %വളര്‍ച്ച കൈവരിച്ചതും, ജൂലൈ സെപ്റ്റംബറില്‍ 8.4 %വളര്‍ച്ച രേഖപെടുത്തിയതുമാണ് 2022 ല്‍ വളര്‍ച്ച വര്‍ധിക്കുമെന്ന് പ്രതീക്ഷ നല്‍കുന്നത്. കോവിഡ് ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം, പണപ്പെരുപ്പം, പലിശ നിരക്കുകള്‍ 2022-23 ലേക്കുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശ്ശങ്ങള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്നത്.
Next Story
Videos