സന്ധ്യ ദേവനാഥന്‍ ഇനി മെറ്റാ ഇന്ത്യയെ നയിക്കും; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മെറ്റ

മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചതായി കമ്പനി അറിയിച്ചു. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവി സ്ഥാനത്തു നിന്നും അജിത് മോഹന്‍ രാജിവച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ നിയമനം. അജിത് മോഹന് പിന്നാലെ വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ്, മെറ്റാ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍ എന്നിവരും കമ്പനി വിട്ടിരുന്നു. 2023 ജനുവരി 1-ന് സന്ധ്യ മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും.

നിലവില്‍ ഏഷ്യാ പസഫിക് വിപണിയില്‍ കമ്പനിയുടെ ഗെയിമിംഗ് വെര്‍ട്ടിക്കലിനെ നയിക്കുകയാണ് സന്ധ്യ ദേവനാഥന്‍. 2016 ലാണ് സന്ധ്യ കമ്പനിയില്‍ ചേര്‍ന്നത്. തുടര്‍ന്ന കമ്പനിയുടെ സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസ്സ് കെട്ടിപ്പടുക്കാന്‍ സഹായിച്ചു. മെറ്റായിലെ വിമന്‍@എപിഎസിയുടെ എക്സിക്യൂട്ടീവ് സ്‌പോണ്‍സര്‍ കൂടിസാണ് സന്ധ്യ ദേവനാഥന്‍. കൂടാതെ പെപ്പര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ബോര്‍ഡിലും അവര്‍ സേവനമനുഷ്ഠിക്കുന്നു.

ഇന്ത്യയില്‍ മെറ്റയുടെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് സന്ധ്യ ദേവനാഥന്‍ നേതൃത്വം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് മെറ്റാ ചീഫ് ബിസിനസ് ഓഫീസര്‍ മാര്‍നെ ലെവിന്‍ പറഞ്ഞു. ഫേസ്ബുക്ക് ഉടമയായ മെറ്റ ആഗോളതലത്തില്‍ തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതോടെയാണ് കമ്പനിയില്‍ പലരും രാജിവച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നായിരുന്നു കമ്പനിയുടെ വാദം.

Related Articles
Next Story
Videos
Share it