Top

59 മിനിറ്റിൽ ഒരു കോടി രൂപ വായ്പ: ചെറുകിടക്കാർക്കായി മോദിയുടെ 12 പ്രഖ്യാപനങ്ങൾ 

നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മൂലം ഏറെ പ്രതിസന്ധി നേരിട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉണർവ്വേകാൻ 12 വിവിധ പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ. വെള്ളിയാഴ്ച വൈകിട്ട് പ്രഖ്യാപിച്ച 'എംഎസ്എംഇ സപ്പോർട്ട് ആൻഡ് ഔട്ട്റീച്ച് പ്രോഗ്രാ'മിൽ ഉൾപ്പെടുത്തിയ തീരുമാനങ്ങൾ ഇവയാണ്.

59 മിനിറ്റിൽ വായ്പ

ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകൾക്ക് 59 മിനിറ്റുകൊണ്ട് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിൽ ഏറ്റവും ആകർഷകം. പരമാവധി ഒരു കോടി രൂപവരെ വായ്പ ലഭിക്കും. ഇതിനായി ഒരു പുതിയ വെബ് പോർട്ടൽ തന്നെ ആരംഭിച്ചിട്ടുണ്ട്. www.psbloansin59minutes.com എന്നതാണ് ആ പോർട്ടൽ. ഇതിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യ പടി.

സാധാരണഗതിയിൽ 20-25 വരെ ദിവസങ്ങൾ വരെ അനുമതിക്കായി കാത്തിരിക്കേണ്ടി വരുന്നിടത്ത് വെറും 59 മിനുട്ടുകൊണ്ട് അപ്പ്രൂവൽ ലഭ്യമാക്കും എന്നാണ് വാഗ്‌ദാനം. സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(SIDBI) യിൽ നിന്നും അഞ്ച് പൊതുമേഖലാ ബാങ്കുകളിൽ നിന്നുമാണ് വായ്പ ലഭ്യമാക്കുക. അനുമതി ലഭിച്ചതിന് ശേഷം ഏഴോ എട്ടോ ദിവസങ്ങൾക്കുള്ളിൽ ലോൺ ലഭിക്കും.

പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തത്സമയ അപേക്ഷ നൽകി 994 പേർ വായ്പ അനുമതി വാങ്ങി. 72,680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പലിശ ഇളവ്

ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകൾക്ക് ഒരു കോടി രൂപ വരെയുള്ള വായ്പയിന്മേൽ 2 ശതമാനം പലിശയിളവ് നൽകും. ചെറുകിട മേഖലയിലെ കയറ്റുമതിക്കാർക്ക് ഷിപ്മെന്റിന് മുൻപും ശേഷവും നൽകുന്ന വായ്പയിന്മേലുള്ള പലിശയിളവ് 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി വർധിപ്പിച്ചു.

പണലഭ്യത ഉറപ്പാക്കാൻ നടപടി

500 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള കമ്പനികൾ 'ട്രേഡ് റിസീവബിൾസ് ഇ-ഡിസ്‌കൗണ്ടിങ് സിസ്റ്റം' (TReDS) എന്ന പ്ലാറ്റ് ഫോമിൽ ചേരേണ്ടത് നിർബന്ധമാക്കി. ചെറുകിടക്കാർക്ക് 'ട്രേഡ് റിസീവബിൾസി'ന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ ചെറു ബിസിനസുകൾക്ക് കാഷ് ഫ്ലോ എല്ലായ്‌പ്പോഴും ഉറപ്പാക്കാം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക്

നിലവിൽ പൊതുമേഖലാ സ്ഥാപങ്ങൾ തങ്ങൾക്ക് ഒരു വർഷം വേണ്ടിവരുന്ന സാധന-സാമഗ്രികളുടെ 20 ശതമാനം എംഎസ്എംഎകളിൽ നിന്ന് വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. ഇത് 25 ശതമാനമായി വർധിപ്പിച്ചു.

വനിതാ സംരംഭകർ

25 ശതമാനം എംഎസ്എംഎകളിൽ നിന്ന് വാങ്ങുമ്പോൾ ഇതിൽ 3 ശതമാനം വനിതകൾ നയിക്കുന്ന എംഎസ്എംഎകൾ ആയിരിക്കണം.

ഇ-വിപണി

സർക്കാരിന്റെ ഇലക്ട്രോണിക് മാർക്കറ്റ് പ്ലേയ്‌സ് ആയ GeM ൽ എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും അംഗത്വം നേടണം. അങ്ങനെ എംഎസ്എംഎകൾ ഉൾപ്പെടെയുള്ള എല്ലാ സപ്ളയർമാർക്കും ഓൺലൈൻ വാങ്ങൽ വിൽക്കലിന് ഒരു പൊതു ഇടം ഉണ്ടാകും.

ടെക്‌നോളജി

ചെറുകിട ബിസിനസുകൾക്ക് സാങ്കേതിക ഉപകാരങ്ങളും സഹായവും ലഭ്യമാക്കാൻ 6000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. ഈ പണം കൊണ്ട് ൨൦ ടെക്‌നിക്കൽ ഹബ്ബുകളും 100 ടൂൾ റൂമുകളും ഉണ്ടാക്കും.

ഫാർമ കമ്പനികൾ

സർക്കാർ എംഎസ്എംഎ ഫാർമ കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കും. ഇതിനുവേണ്ടിവരുന്ന ചെലവിന്റെ 70 ശതമാനം സർക്കാർ വഹിക്കും.

ഒറ്റ വാർഷിക റിട്ടേൺ

എംഎസ്എംഎകൾക്ക് ഒരു തവണ വാർഷിക റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. ഇതുവരെ വർഷത്തിൽ രണ്ട് തവണ സമർപ്പിക്കണമായിരുന്നു.

ഇൻസ്പെക്ഷൻ

ഇൻസ്പെക്ഷൻ എന്നതിന്റെ പേരിൽ എംഎസ്എംഎകളെ ബുദ്ധിമുട്ടിക്കില്ല. ഇൻസ്പെക്ഷനുകൾ കംപ്യൂട്ടറൈസ്‌ഡ്‌ ആക്കും. ഇൻസ്പെക്ടർമാർ 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുകയും വേണം.

പാരിസ്ഥിതിക അനുമതികൾ

പാരിസ്ഥിതിക അനുമതികളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എംഎസ്എംഎകൾക്ക് ഇനിമുതൽ ഒറ്റ വായു, ജല പാരിസ്ഥിതിക അനുമതി മതിയാവും. ഫാക്ടറി സ്ഥാപിക്കാൻ ഒറ്റ സമ്മതപത്രവും.

കമ്പനി ആക്ട്

ചെറിയ തെറ്റുകൾക്ക് നൽകുന്ന പിഴകളും ശിക്ഷകളും മറ്റും ലഘൂകരിക്കാൻ കമ്പനി ആക്ടിന് കീഴിൽ ഓർഡിനൻസ് ഇറക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it