ജോലി ഭാരം കുറയുന്നു, മുകേഷ് അംബാനിയുടെ ശ്രദ്ധ ഇനി ഈ മേഖലയില്‍ മാത്രം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (RIL) ഗ്രീന്‍ എനര്‍ജി (ഹരിത ഊര്‍ജം) പ്രോജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങി ചെയര്‍മാന്‍ മുകേഷ് അംബാനി. മറ്റ് പ്രധാന ബിസിനസുകളെല്ലാം മക്കളെ ഏല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് അംബാനിയുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ എനര്‍ജി സംരംഭങ്ങളുടെ ഭാഗമായ ജിഗാഫാക്ടറി, ബ്ലൂഹൈഡ്രജന്‍ ഫെസിലിറ്റി, ഏറ്റെടുക്കലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇനി അംബാനി നേരിട്ട് നിയന്ത്രിച്ചേക്കും.
ഗ്രീന്‍ എനര്‍ജി മേഖലയില്‍ 15 വര്‍ഷം കൊണ്ട് 75 ബില്യണ്‍ ഡോളറാണ് റിലയന്‍സ് മുടക്കുന്നത്. ഈ മേഖലയില്‍ അദാനി ഗ്രൂപ്പാവും റിലയന്‍സിന്റെ മുഖ്യ എതിരാളികള്‍. ഈ സാഹചര്യത്തില്‍ റിലയന്‍സ് അംബാനിയുടെ ബിസിനസ് അനുഭവ സമ്പത്ത് പരമാവധി ഗ്രീന്‍ എന്‍ജി രംഗത്തേക്ക് എത്തിക്കുകയാണ്. നിലവില്‍ ഗ്രീന്‍ എനര്‍ജി മേഖലയിലെ നിക്ഷേപത്തിനായി ഫണ്ടിംഗിന് ശ്രമിക്കുകയാണ് റിലയന്‍സ്. 2035ഓടെ കാര്‍ബണ്‍ നെറ്റ്-സീറോ ആവുകയാണ് 16 ട്രില്യണ്‍ രൂപയിലധികം വിപണി മൂല്യമുള്ള റിലയന്‍സിന്റെ ലക്ഷ്യം.
മക്കളായ അകാശ് അംബാനി, ഇഷ അംബാനി, ആനന്ദ് അംബാനി എന്നിവരാവും ഇനി റിലയന്‍സിനെ നയിക്കുകയെന്ന് കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി പ്രഖ്യാപിച്ചത്. 2027ഓടെ റിലയന്‍സ് ഇന്‍സ്ട്രീസിന്റെ മൂല്യം ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2022ല്‍ ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി അംബാനി 20 വര്‍ഷം തികച്ചത്. അറുപത്തഞ്ചുകാരനായ അംബാനി 89.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലോക ശതകോടീശ്വര പട്ടികയില്‍ എട്ടാമതാണ്.