അധാര്‍മികമായ ഇടപെടല്‍: അദാനി കമ്പനിയെ കരിമ്പട്ടികയിലാക്കി നോര്‍വെ

നോര്‍വെയുടെ രാജ്യാന്തര പെന്‍ഷന്‍ഫണ്ടില്‍ നിന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനെ (APSEZ) ഒഴിവാക്കി. യുദ്ധവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യങ്ങളില്‍ അധാര്‍മികമായ ഇടപെടലുകളും മനുഷ്യാവകാശ ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ കേന്ദ്ര ബാങ്കായ നോര്‍ജെസ് ബാങ്കിന്റെ നടപടി.

ലോകത്തെ സുപ്രധാന കമ്പനികളുടെ ഓഹരികള്‍ കൈവശം വയ്ക്കുന്ന ഫണ്ടാണ് നോര്‍വീജിയന്‍ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ (GPFG). ലോകത്തെമ്പാടുമായി 9,000ത്തോളം കമ്പനികളില്‍ ഫണ്ടിന് നിക്ഷേപമുണ്ട്.
അന്വേഷണവും വിലക്കും

2022 മാര്‍ച്ച് മുതല്‍ അദാനി പോര്‍ട്‌സിനെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു ജി.പി.എഫ്.ജി. മനുഷ്യാവകാശ ലംഘനം, യുദ്ധ സാഹചര്യങ്ങളിലുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം അധാര്‍മികമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനിയെ വിലക്കിയത്. രാജ്യാന്തര തലത്തില്‍ അദാനി കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം. പല രാജ്യങ്ങളും അദാനി കമ്പനിയുടെ പ്രവര്‍ത്തനം അധാര്‍മികമായ രീതിയിലാണെന്ന വിമര്‍ശനമുണ്ടായിരുന്നു. മേയ് 15നാണ് നോര്‍വെ പെന്‍ഷന്‍ ഫണ്ട് അദാനി കമ്പനിയെ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.
മ്യാന്‍മാറിലെ ബിസിനസ് വിറ്റതടക്കമുള്ള നടപടികള്‍ ദുരൂഹമാണെന്ന് മുന്‍പ് ആരോപണമുയര്‍ന്നിരുന്നു. 2023 മേയിലാണ് മ്യാന്‍മറിലെ തുറമുഖ അനുബന്ധപ്രവര്‍ത്തനങ്ങള്‍ സോളാര്‍ എനര്‍ജി എന്ന കമ്പനിക്ക് വിറ്റതായി അദാനി പോര്‍ട്‌സ് വ്യക്തമാക്കിയത്. എന്നാല്‍ കമ്പനി വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യ സ്വഭാവം ആവശ്യമാണെന്ന് ചൂണ്ടികാട്ടി വെളിപ്പെടുത്തിയിരുന്നില്ല. ഈ കമ്പനിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നത് വ്യക്തമാകാത്തത്തിനാല്‍ അദാനി കമ്പനിയിലെ നിക്ഷേപം ധാര്‍മികമല്ലെന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു പെന്‍ഷന്‍ഫണ്ട്.
നോര്‍വെ പെന്‍ഷന്‍ ഫണ്ട്
നോര്‍വെയുടെ നോര്‍ത്ത് സീയില്‍ എണ്ണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ ആരംഭിച്ചത്. എണ്ണ വരുമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്ന് സമ്പ്ദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയാണ് ഫണ്ടിന്റെ ദൗത്യം. കമ്പനികളില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് ഫണ്ട് പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുന്ന കമ്പനികളിലെ നിക്ഷേപത്തില്‍ നിന്ന് ഫണ്ട് പിന്മാറാറുമുണ്ട്.

Related Articles

Next Story

Videos

Share it