ഒഎന്‍ഡിസിയുടെ 10 ശതമാനത്തോളം ഓഹരികള്‍ NPCI സ്വന്തമാക്കിയേക്കും

ഒഎന്‍ഡിസിയുടെ (Open Network for Digital commerce) 9-10 ശതമാനം ഓഹരികള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) സ്വന്തമാക്കിയേക്കും. ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്തെ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന നെറ്റ്‌വര്‍ക്കാണ് ഒഎന്‍ഡിസി. ഇക്കണോമിക്‌സ് ടൈംസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്‍പിസിഐ സിഇഒ ദിലീപ് അസ്‌ബെ ഒഎന്‍ഡിസി (ONDC) ഉപദേശക സമിതി അംഗം കൂടിയാണ്. രാജ്യത്തെ യുപിഐ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍പിസിഐ 10 കോടി രൂപയാവും ഒഎന്‍ഡിസിയില്‍ നിക്ഷേപിക്കുക. ഇടപാട് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും എന്നാണ് റിപ്പോര്‍ട്ട്.
എന്‍പിസിഐയെ കൂടാതെ ബാങ്ക് ഓഫ് ഇന്ത്യ (Bank of India), നാഷണല്‍ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (NSDL) എന്നിവയും ഒഎന്‍ഡിസിയില്‍ നിക്ഷേപം നടത്തും. നിലവില്‍ എസ്ബിഐ (SBI), പഞ്ചാപ് നാഷണല്‍ ബാങ്ക് (PIB), ആക്‌സിസ് ബാങ്ക് (Axis Bank), കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank), എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank) എന്നിവ ഉള്‍പ്പടെ 17 സ്ഥാപനങ്ങള്‍ക്ക് ഒഎന്‍ഡിസിയില്‍ ഓഹരി പങ്കാളിത്തമുണ്ട്.