കൂടുതല്‍ ഫ്‌ളോട്ടിംഗ് സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കി എന്‍ടിപിസി

കല്‍ക്കരിയുടെയും നാഫ്തയുടെയും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് പൊതുമേഖല സ്ഥാപനമായ എന്‍ടിപിസി (NTPC Ltd). കായംകുളത്തെ 92 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതിയുടെ അവസാന ഘട്ടം (35 മെഗാ വാട്ട്) പ്രവര്‍ത്തനം ആരംഭിച്ചതായി എന്‍ടിപിസി അറിയിച്ചു.

കായലിനോട് ചേര്‍ന്ന് 170 ഏക്കറിലാണ് പദ്ധതി സ്ഥാപിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നാഫ്ത ഇന്ധനത്തിന്റെ വില വര്‍ധിച്ചതുകൊണ്ട് പ്രവര്‍ത്തനം നിലച്ചിരുന്ന കായംകുളം താപ വൈദ്യുതി നിലയം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞു. ഫ്‌ളോട്ടിംഗ് സൗരോര്‍ജ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി പൂര്‍ണമായും കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനാണ് നല്‍കുന്നത്.

തെലങ്കാനയില്‍ 100 മെഗാവാട്ടിന്റെ ഫ്‌ളോട്ടിംഗ് സൗരോര്‍ജ പദ്ധതി നടപ്പാക്കി വരുന്നു. 450 ഏക്കര്‍ വിസ്തൃതിയിലാണ് നടപ്പാക്കുന്നത്. തെലങ്കാനയില്‍ രാമഗുണ്ടം വൈദ്യുതി നിലയത്തില്‍ 80 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യയുടെ എറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ എന്‍ടിപിസിയുടെ മൊത്തം ഉല്‍പ്പാദന ശേഷി 68,609.68 മെഗാവാട്ടാണ്. ഏപ്രില്‍ മാസം എന്‍ടിപിസിയുടെ ഓഹരി വില 166 രൂപ വരെ ഉയര്‍ന്നിരുന്നു (52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നില ). നിലവില്‍ 137 രൂപയാണ് എന്‍ടിപിസിയുടെ ഓഹരി വില.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it