കേന്ദ്ര സര്‍ക്കാരിന്റെ പി എല്‍ ഐ സ്‌കീം വളര്‍ച്ചയ്ക്ക് കാരണമാകുമോ?

രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിന് ഉത്തേജനം പകരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) സ്‌കീം അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയാകുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. 14 ഉല്‍പാദന മേഖലകളില്‍ നടപ്പാക്കുന്ന പി എല്‍ ഐ സ്‌കീമിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് 35 മുതല്‍ 40 ലക്ഷം കോടി രൂപ വരെ രാജ്യത്തിന് അധിക വരുമാനം നേടിത്തരാനുള്ള ശേഷിയുണ്ടെന്ന് ക്രിസില്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഷു സുയാഷ് ചൂണ്ടിക്കാട്ടി.

പ്രാദേശിക ഉല്‍പാദന മേഖലയില്‍ നിക്ഷേപം നടത്തുന്ന സംരംഭകര്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവുകളും സബ്‌സിഡികളും ഉറപ്പു നല്‍കുന്നതാണ് പി എല്‍ ഐ സ്‌കീം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിക്ഷേപകര്‍ ചൈനയോട് വിടപറഞ്ഞ വേളയിലാണ് അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്‌കീം പ്രഖ്യാപിച്ചത്.

അടുത്ത 24- 30 മാസങ്ങള്‍ക്കുള്ളില്‍ വലിയ തോതില്‍ പുതിയ ഉല്‍പാദക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും ഇതിലൂടെ 22.7 ലക്ഷം കോടിയുടെ പദ്ധതി തുക കൊണ്ടുവരാന്‍ കഴിയുമെന്നും ക്രിസില്‍ വിലയിരുത്തുന്നു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ടെലികോം ഉപകരണങ്ങള്‍, ഐ ടി ഹാര്‍ഡ് വെയര്‍ എന്നിവയുടെ കാര്യത്തില്‍ പദ്ധതി ചെലവും ഇന്‍സെന്റീവും തമ്മിലുള്ള അനുപാതം 3.5 മടങ്ങ് ആകര്‍ഷകമായിരിക്കും. ഈ ഉല്‍പന്നങ്ങളുടെ പ്രാദേശിക ഉല്‍പാദനം രാജ്യത്ത് താരതമ്യേന കുറവുമാണ്.

പ്രധാനപ്പെട്ട അടിസ്ഥാന വികസന മേഖലകളില്‍ സര്‍ക്കാരിന്റെ പദ്ധതിച്ചെലവിനൊപ്പം പി എല്‍ ഐ സ്‌കീമും ചേരുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി അത് മാറുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിലൂടെ വ്യാവസായിക നിക്ഷേപത്തിലെ പദ്ധതി ചെലവ് 45 മുതല്‍ 50 ശതമാനം വരെ കുതിക്കുമെന്നാണ് ക്രിസിലിന്റെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതില്‍ 35 ശമതാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ ഇത് 7 ശതമാനം എന്ന ശരാശരിയിലേക്ക് വന്നേക്കും. എങ്കിലും പദ്ധതി ചെലവിലുണ്ടാകാന്‍ പോകുന്ന വമ്പന്‍ കുതിപ്പ് സമ്പദ്‌വ്യവസ്ഥയെ മികച്ച പ്രകടനത്തിലേക്ക് നയിക്കും.

ബാങ്കിംഗ് മേഖലയില്‍ ഇതുണ്ടാക്കുന്ന പ്രഭാവം വായ്പാ ഡിമാന്‍ഡില്‍ വലിയ തോതില്‍ വര്‍ധന സൃഷ്ടിക്കും. 400-500 ബേസിസ് പോയിന്റില്‍ നിന്ന് 910 ബേസിസ് പോയിന്റിലേക്ക് അടുത്ത സാമ്പത്തിക വര്‍ഷം വായ്പാ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ക്രിസില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന്റെ സംഭാവനയും ഇതിലുണ്ടാകും. ബാങ്കുകളുടെ വായ്പാ വളര്‍ച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 0.8 ശതമാനമായി ചുരുങ്ങുകയും മൂന്നാം പാദത്തിലും നാലാം പാദത്തിലും 3 ശതമാനം വീതം വര്‍ധന കണിക്കുകയും ചെയ്തിരുന്നു. നടപ്പു വര്‍ഷം അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ച നേടുമെന്നാണ് ക്രിസില്‍ കണക്കാക്കുന്നത്.

Related Articles
Next Story
Videos
Share it