Begin typing your search above and press return to search.
പുതിയ നേട്ടത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ യാനം നീറ്റിലേക്ക്
കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് പ്രവര്‍ത്തനമേഖലയില്‍ പുതിയൊരു നാഴികക്കല്ല് കൂടി. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ യാനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സര്‍വീസ് നടത്തുക.
കട്ടമരം മാതൃകയിലുള്ള ബോട്ട് നദികളിലൂടെയുള്ള ഹ്രസ്വദൂര യാത്രകൾക്കാണ് ഉപയോഗിക്കുക. പൂർണമായും ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് യാത്ര ചെയ്യാം.
ഹരിത മുന്നേറ്റത്തിനായി
2070 ഓടെ ഇന്ത്യയില്‍ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി ആയാണ് ഈ ഹൈഡ്രജന്‍ ഫെറി നിര്‍മിച്ചത്. മാരിടൈം ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമാണിത്.
ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊര്‍ജ്ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തില്‍ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
നാഷനല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ വിഭാവനം ചെയ്യുന്നതു പോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊര്‍ജ്ജം പകരും. ഏറ്റവും വേഗത്തില്‍ സമുദ്രഗതാഗത രംഗത്ത് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഈ പദ്ധതി ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഒരു മത്സരാധിഷ്ഠിത മുന്‍തൂക്കവും നേടിക്കൊടുക്കും.
Next Story
Videos