കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താം; റീറ്റെയ്ല്‍, ഹോള്‍സെയില്‍ മേഖലകളും ഇനി എംഎസ്എംഇ

രാജ്യത്തെ മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസില്‍ (എംഎസ്എംഇ) റീറ്റെയ്ല്‍, ഹോള്‍സെയില്‍ മേഖലയെ കൂടി ഉള്‍പ്പെടുത്തിയ പുതിയ നിര്‍ദേശത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താന്‍ സാധിക്കുമെന്നും അതിലൂടെ വ്യാപാരം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി ശനിയാഴ്ച വ്യക്തമാക്കി.

രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്ക് നാഴികക്കല്ലാവുന്ന തീരുമാനമെന്നാണ് നീക്കത്തെ പ്രധാനമന്ത്രി നിരീക്ഷിക്കുന്നത്. വലിയ രീതിയില്‍ നേട്ടമുണ്ടാക്കുന്ന നിര്‍ദ്ദേശം വ്യവസായ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍.
വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇത് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച അവതരിപ്പിച്ചത്. ചെറുകിട വ്യാപാരികളെ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള എന്‍ജിനുകളാക്കി മാറ്റുന്നതാണ് നീക്കമെന്നാണ് പുതുക്കിയ നിര്‍ദ്ദേശങ്ങളേക്കുറിച്ച് നിധിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
കൊവിഡ് 19 പ്രതിസന്ധി മൂലം തകര്‍ന്ന നിലയിലുള്ള ഹോള്‍സെയില്‍ റീറ്റെയ്ല്‍ മേഖലയ്ക്ക് ഏറെ സഹായകരമാകും പുതിയ നീക്കമെന്നും പ്രധാനമന്ത്രി വിശദമാക്കി. രാജ്യത്ത് കോടിക്കണക്കിന് വ്യാപാര വ്യവസായികളാണ് തങ്ങളുടെ മേഖലയ്ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ക്കായി എംഎസ്എംഇയുടെ കീഴിലേക്ക് ചേര്‍ക്കാനുള്ള ആവശ്യം മുന്നോട്ട് വച്ചിരുന്നത്. വായ്പകളിലെ ഇളവുകള്‍ മുതല്‍ വിവിധ ഗ്രാന്റുകള്‍ വരെയാകും തീരുമാനം നടപ്പിലായാല്‍ നിരവധി പേരിലേക്ക് എത്തുക.

Related Articles
Next Story
Videos
Share it