എന്‍ടിപിസിയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു; ലക്ഷ്യം ആഗോള വിപണി

പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയെ ഊര്‍ജ്ജ മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗ്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ എന്‍ടിപിസി ഹരിത ഊര്‍ജ്ജത്തിലേക്ക് മാറുകയാണ്.

സ്ഥാപനത്തിന്റെ ക്ലീന്‍ എനര്‍ജി യൂണീറ്റുകളായ എന്‍ടിപിസി റിന്യൂവബിൾ എനര്‍ജി ലിമിറ്റഡ് (NTPC REL) , എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് (NVVN) എന്നിവ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഹൈഡ്രജന്‍ പ്രകൃതി വാതകവുമായി ചേര്‍ത്ത് സിറ്റി ഗ്യാസ് വിതരണ ശൃംഖലയില്‍ (CGD) ഉപയോഗിക്കാനും പദ്ധതിയുണ്ട്.

ലഡാക്കില്‍ ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി പ്രൊജക്ട് വികസിപ്പിക്കാനുള്ള കരാറിലും എന്‍ടിപിസി ആര്‍ഇഎല്‍ ഒപ്പുവെച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് കാറ്റാടി പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഹരിത ഊര്‍ജ്ജ ആസ്തികള്‍ ഏറ്റെടുക്കാനും വികസിപ്പിക്കാനും എന്‍ടിപിസി ശ്രമിക്കുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം 1.85 ബില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.

നിലവില്‍ 67 ജിഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ (renewable energy) ഉത്പാദന പദ്ധതികളാണ് എന്‍ടിപിസിക്ക് ഉള്ളത്. അതില്‍ 18 ജിഗാവാട്ടിന്റെ പദ്ധതികള്‍ നിര്‍മാണ ഘട്ടത്തിലാണ്‌. 2019-24 കാലയളവില്‍ ഒരു ട്രില്യണ്‍ രൂപയാണ് എന്‍ടിപിസി ഈ മേഖലയില്‍ നിക്ഷേപിക്കുന്നത്. 2032 ഓടെ 130 ജിഗാവാട്ടിന്റെ ശേഷിയാണ് എന്‍ടിപിസി ലക്ഷ്യമിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it