അദാനി കമ്പനിയില്‍ ഖത്തര്‍ ₹3,920 കോടിയുടെ ഓഹരി വാങ്ങി
ഖത്തര്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഐ.എന്‍.ക്യു ഹോള്‍ഡിംഗ് എല്‍.എല്‍.സി 3,920 കോടി രൂപയ്ക്ക് അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.7% ഓഹരി വാങ്ങി. ഓഹരിയൊന്നിന് 920 രൂപ നിരക്കില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 4.26 കോടി ഓഹരികളാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗ് വാങ്ങിയത്.
കൂടാതെ അദാനി ഗ്രീന്‍ എനര്‍ജിയുടെ പ്രമോട്ടര്‍ സ്ഥാപനമായ ഇന്‍ഫിനിറ്റ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് 2.8% വരുന്ന 4.48 കോടി ഓഹരികളും 920.43 രൂപ നിരക്കില്‍ 4,131 കോടി രൂപയ്ക്ക് വിറ്റഴിച്ചു. അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗമാണ് അദാനി ഗ്രീന്‍ എനര്‍ജി.
ജി.ക്യൂ.ജി പാര്‍ട്ണഴ്‌സ് നിക്ഷേപം
അമേരിക്ക ആസ്ഥാനമായ ജി.ക്യൂ.ജി പാര്‍ട്ണഴ്‌സും മറ്റ് നിക്ഷേപകരും അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി എന്റര്‍പ്രൈസസിലും അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപത്തിന് ശേഷം ഒരു മാസത്തിനുള്ളില്‍ അദാനി ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മറ്റൊരു പ്രധാന നിക്ഷേപമാണ് ഐ.എന്‍.ക്യു ഹോള്‍ഡിംഗിന്റേത്. ജി.ക്യൂ.ജി പാര്‍ട്ണഴ്‌സ് 9,600 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് അദാനി ഗ്രീനിലെ തങ്ങളുടെ ഓഹരി 3.50 ശതമാനത്തില്‍ നിന്ന് 6.32 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഊര്‍ജ ശേഷി ഉയര്‍ത്തും
2023 ജൂണ്‍ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ സംയോജിത ലാഭം 51% വര്‍ധിച്ച് 323 കോടി രൂപ രേഖപ്പെടുത്തിയിരുന്നു.മൊത്തം വരുമാനം 2023 ജൂണ്‍ പാദത്തില്‍ 41% ഉയര്‍ന്ന് 2,404 കോടി രൂപയായി. സോളാര്‍, വിന്‍ഡ്, സോളാര്‍-വിന്‍ഡ് ഹൈബ്രിഡ് സംവിധാനങ്ങള്‍ വഴി 2030 ഓടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി 45 ജിഗാവാട്ടായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2022 ജൂണ്‍ 30 ലെ 5,800 മെഗാവാട്ടിനെ അപേക്ഷിച്ച് ഗ്രൂപ്പിന് 2023 ജൂണ്‍ 30 വരെ 8,316 മെഗാവാട്ട് പ്രവര്‍ത്തന ശേഷിയുണ്ട്. ഹരിത ഊര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കമ്പനി ജൂലൈയില്‍ ക്യു.ഐ.പി വഴി 12,300 കോടി രൂപ സമാഹരിച്ചിരുന്നു