റിയല്‍ എസ്റ്റേറ്റ് വിലകള്‍ 20% കുറയുമെന്ന് ദീപക് പരേഖ്; കേരളത്തില്‍ സ്ഥലവില കുത്തനെ ഇടിയും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഏറ്റവും കുറഞ്ഞത് 20 ശതമാനമെങ്കിലും ഇടിയുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് ചെയര്‍മാനും രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രമുഖനുമായ ദീപക് പരേഖ്. എന്നാല്‍ കേരളത്തിലെ സ്ഥലത്തിന്റെയും ഫഌറ്റിന്റെയും വിലകള്‍ ഈ പരിധി കവിഞ്ഞും കുത്തനെ ഇടിയുമെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ബാധ മൂലം ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകളും ബിസിനസുകളും തകര്‍ന്നത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ''കേരളത്തിലെ സ്ഥലവിലയും ഫഌറ്റ് വിലയും 20 ശതമാനമൊന്നുമാകില്ല കുറയുക. അതിലും ഭീകരമായ തകര്‍ച്ചയാണ് സംഭവിക്കുക,'' കൊച്ചിയിലെ ഒരു ബില്‍ഡര്‍ പറയുന്നു.

എന്തുകൊണ്ട് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വില കുറയും?

സംസ്ഥാനത്ത് സ്ഥലവിലയും ഫഌറ്റ് വിലയും കുറയാന്‍ കാരണങ്ങള്‍ നിരവധിയാണ്.

a. സ്ഥലം വാങ്ങാന്‍ പ്രവാസികളില്ല, വിലകള്‍ കുത്തനെ കുറയും

കേരളത്തില്‍ സ്ഥലം വാങ്ങി കൂട്ടിയിരുന്നവര്‍ ഭൂരിഭാഗവും പ്രവാസി മലയാളികളായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്തിരുന്നവരും മറ്റ് ലോക രാജ്യങ്ങളിലും ജോലിയും ബിസിനസുമൊക്കെയായി സമ്പത്ത് ആര്‍ജ്ജിച്ചവരും വന്‍തോതില്‍ കേരളത്തിലെ ഭൂമിയിലും ഫഌറ്റിലും നിക്ഷേപം നടത്തിയിരുന്നു.

കോവിഡ് ബാധയെ വരുന്നതിനു മുമ്പേ ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റ് ലോക രാജ്യങ്ങളിലെയും തൊഴിലവസരങ്ങളിലും ബിസിനസ് സാഹചര്യങ്ങളിലും ഏറെ മാറ്റങ്ങള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രവാസി മലയാളി സമൂഹം പണം ഭൂമിയിലും ഫഌറ്റിലും നിക്ഷേപിക്കുന്നതിന് പകരം കൈയില്‍ തന്നെ സൂക്ഷിക്കാന്‍ ആരംഭിച്ചിരുന്നു.

കോവിഡ് മൂലം പതിനായിരക്കണക്കിന് മലയാളികള്‍ തൊഴില്‍ നഷ്ടവും ബിസിനസ് തകര്‍ച്ചയും മൂലം തിരിച്ചുവരേണ്ടി വരുമെന്ന് കണക്കുകൂട്ടുന്നുണ്ട്. മറ്റ് ലോകരാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.

''കേരളം ഒരു മണിയോര്‍ഡര്‍ ഇക്കോണമിയല്ലേ. വിദേശത്ത് ബിസിനസ് നടത്തിയും ജോലി ചെയ്തും ഉണ്ടാക്കുന്ന പണം ഇവിടേക്ക് വന്നതുകൊണ്ടാണ് ഇവിടെ സ്ഥലത്തിലും ഫഌറ്റിനുമൊക്കെ വില കൂടിയത്. ഇനി അതൊക്കെ നിലയ്ക്കും. സ്ഥലത്തിനും ഫഌറ്റിനും ആവശ്യക്കാരില്ല. അത് വസ്തുതയാണ്. ഇപ്പോള്‍ വില്‍ക്കാതെ പിടിച്ചുനില്‍ക്കുന്നവര്‍ കൈയില്‍ പണമില്ലാതെ വരുമ്പോള്‍ കിട്ടിയ വിലയ്ക്ക് വിറ്റുതുടങ്ങും. സ്ഥലത്തിന്റെയും ഫഌറ്റിന്റെയും വിലകള്‍ അതോടെ കുത്തനെ ഇടിയും,'' റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള ഒരു വ്യക്തി തുറന്നുപറയുന്നു.

b. കിടപ്പാടം പോലും പണയത്തില്‍, കിട്ടിയ വിലയ്ക്ക് ഇനി അവയും വില്‍ക്കും

നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി നടപ്പാക്കല്‍, പ്രളയം തുടങ്ങിയവയെല്ലാം മൂലം കേരളത്തില്‍ വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി ഓരോ കുടുംബത്തിലും രൂക്ഷമാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളും അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളിലും കിടപ്പാടം പണയം വെച്ച് വായ്പ എടുത്തിരിക്കുന്നവര്‍ ഏറെയാണ്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം എടുത്ത ഇത്തരം വായ്പകളില്‍ ഭൂരിഭാഗവും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

വീടും സ്ഥലവും ബാങ്കുകള്‍ ജപ്തി ചെയ്താല്‍ പൊതുജനരോഷം ഉയരുന്നതിനാല്‍ നിയമ പരിരക്ഷ ഉണ്ടെങ്കില്‍ പോലും ബാങ്കുകള്‍ അതിന് മുതിരാറില്ല. പകരം, വലിയ വിലയുള്ള സ്ഥലവും വീടും വിറ്റ് ബാങ്കിലെ കടം വീട്ടി, കുറഞ്ഞ തുകയ്ക്കുള്ള സ്ഥലം വാങ്ങുകയോ വാടക വീട്ടിലേക്ക് മാറുകയോ ആണ് പൊതുവേ കേരളത്തിലുണ്ടായ സ്ഥിതി.

ഈ പ്രവണത ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പക്ഷേ അവിടെയും ആവശ്യക്കാരില്ലാത്തത് വലിയ പ്രതിസന്ധിയാകും. ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചാല്‍ തടസ്സവാദം ഉന്നയിക്കാന്‍ പോലും വായ്പക്കാര്‍ മുന്നോട്ട് വരണമെന്നില്ല. സഹകരണ ബാങ്കുകള്‍ ഇവ ലേലത്തില്‍ വെച്ചാലും വാങ്ങാന്‍ ആവശ്യക്കാരുണ്ടാകണമെന്നുമില്ല. ''ഞങ്ങള്‍ പരമാവധി പുനര്‍വായ്പ അനുവദിച്ച് എങ്ങനെയെങ്കിലും വായ്പ തിരിച്ചടവ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇനി അതൊക്കെ പ്രയാസമാകും,'' മലബാര്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിന്റെ ഡയറക്റ്റര്‍ പറയുന്നു.

c. വരുമാനമില്ല, ആവശ്യങ്ങള്‍ക്ക് പണം വേണം

മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്ഥലം വാങ്ങിയിട്ടിരുന്നവരും കേരളത്തില്‍ വളരെയേറെയാണ്. സ്ഥലവില കുറയാന്‍ തുടങ്ങിയപ്പോഴും അവര്‍ മനസ്സില്‍ കണ്ട വില കിട്ടാത്തതിനാല്‍ വില്‍ക്കാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടിയ വിലയ്ക്ക്് വിറ്റുമാറാന്‍ ഏവരും തയ്യാറാകുന്നുണ്ട്. സ്വന്തമായി വീടുവെയ്ക്കാന്‍ ചെറിയ പ്ലോട്ട് തേടിവരുന്നവരാണ് ഇപ്പോഴുള്ള ആവശ്യക്കാര്‍. പലയിടത്തും സര്‍ക്കാര്‍ സ്ഥലത്തിന് നിശ്ചയിച്ചിരിക്കുന്ന ന്യായവിലയേക്കാള്‍ താഴെയാണ് യഥാര്‍ത്ഥ വില പറയുന്നത്. ആ വിലയ്‌ക്കേ ആവശ്യക്കാരുള്ളൂ. എങ്കിലും കച്ചവടങ്ങള്‍ നാമമാത്രമായാണ് നടക്കുന്നത്. പൂര്‍വ്വിക സ്വത്ത് ഭാഗം വെയ്ക്കലും സഹോദരങ്ങള്‍ തമ്മിലുള്ള സ്ഥലം കൈമാറ്റവുമൊക്കെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടുതലായി നടക്കുന്നത്.

സാമ്പത്തിക ആവശ്യങ്ങള്‍ ഞെരുക്കുമ്പോള്‍ കിട്ടിയ വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ ഏവരും തയ്യാറാകും. കേരളത്തില്‍ സ്ഥലവില വന്‍തോതില്‍ കുറയുന്നതിനാല്‍ ആ സമയം വാങ്ങലുകാര്‍ക്ക് മികച്ച അവസരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

''സ്ഥലവില കുത്തനെ ഇടിയുന്നത് വാങ്ങലുകാര്‍ക്ക് ഗുണകരമാകും. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിലയിടിവിന്റെ മെച്ചം ഉപയോഗപ്പെടുത്തണം,'' ഐഐഎം അഹമ്മദാബാദിലെ അസോസിയേറ്റ് പ്രൊഫസര്‍ ബിജു വര്‍ക്കി അഭിപ്രായപ്പെടുന്നു.

d. വാടക വരുമാനം കുറയുന്നു, ഫഌറ്റ് വിലകളും കുറയും

കോവിഡിനെ തുടര്‍ന്ന് പ്രമുഖ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്കക്കുകയും വേതനങ്ങളും മറ്റ് സൗകര്യങ്ങളും ചുരുക്കുകയും ചെയ്യുന്നത് ഫഌറ്റുകളുടെ വാടക നിരക്കിനെയും ബാധിക്കും. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം കോവിഡിനെ തുടര്‍ന്ന് ജീവനക്കാരും കമ്പനികളും വ്യാപകമാക്കിയിട്ടുണ്ട്്. വന്‍ വാടകയ്ക്ക് നഗരത്തില്‍ വന്ന് സ്ഥിരം താമസിച്ച് ജോലി ചെയ്യുന്നതിന് പകരം മറ്റ് ചെലവ് കുറഞ്ഞ രീതികള്‍ ജീവനക്കാരും കമ്പനികളും തേടുന്നത് വാടകക്കാര്‍ വന്‍തോതില്‍ കുറയാന്‍ ഇടയാക്കും.

വാടക വരുമാനം പ്രതീക്ഷിച്ച് ബാങ്ക് വായ്പയെല്ലാം എടുത്ത് ഫഌറ്റ് വാങ്ങിയിട്ടവരും ഇനി അവ വിറ്റൊഴിയാന്‍ തയ്യാറെടുക്കും. ''ഞങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്ന ഫഌാറ്റുകള്‍ക്ക്് ലാഭ മാര്‍ജിന്‍ ഇല്ലെന്ന് തന്നെ പറയാം. മറ്റുള്ളവര്‍ക്ക് കോണ്‍ട്രാക്റ്റായി സിവില്‍ വര്‍ക്കുകള്‍ ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് കമ്പനി തട്ടിമുട്ടി മുന്നോട്ടുപോകുന്നത്. ഇനി എന്താകുമെന്ന് അറിയില്ല,'' ഒരു ബില്‍ഡര്‍ തുറന്നുപറയുന്നു.

വന്‍വിലയ്ക്ക് സ്ഥലം വാങ്ങി ഭവന സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നവരുടെ സ്ഥിതിയും ദയനീയമാകും. നിലവില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് വാടകക്കാരെ കിട്ടാത്ത സ്ഥിതിയാണ്. നിലവിലുള്ളവര്‍ വാടക കുറയ്ക്കാന്‍ ആവശ്യമുന്നയിച്ചിട്ടുമുണ്ട്. ഓഡിറ്റോറിയങ്ങള്‍, മിനി മാളുകള്‍ എന്നിവയെല്ലാം ഇനി അടുത്തകാലത്തൊന്നും ലാഭകരമാകില്ല.

''കേരളത്തിലെ സ്ഥലം , ഫഌറ്റ് വിലകള്‍ വന്‍തോതില്‍ തിരുത്തലിന് വിധേയമാകും. ഇനിയെന്നാകും ഈ രംഗത്ത് ഉണര്‍വ് പ്രകടമാകുമെന്നറിയില്ല. ബിസിനസില്‍ എല്ലാം ചാക്രികമാണ്. അപ്പോള്‍ എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം മനസ്സില്‍ വെയ്ക്കാം എന്നുമാത്രം,'' ഒരു ബില്‍ഡര്‍ സ്വയം സമാധാനിക്കും വിധം പറഞ്ഞു നിര്‍ത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it