Begin typing your search above and press return to search.
റിലയന്‍സ് എജിഎം 24ന്: പ്രതീക്ഷിക്കുന്നത് വമ്പന്‍ പ്രഖ്യാപനങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് ആന്വല്‍ മീറ്റ് ജൂണ്‍ 24 ന് നടക്കാനിരിക്കെ പുതിയ പ്രഖ്യാപനങ്ങളെന്തൊക്കെയായിരിക്കുമെന്ന ചര്‍ച്ചയാണ് ഇന്ത്യന്‍ ടെലികോം രംഗത്ത്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഏവരെയും ഞെട്ടിപ്പിക്കുന്നതും ആകര്‍ഷിപ്പിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ ഇത്തവണയുമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 15 ബില്യണ്‍ ഡോളറിന്റെ ഇടപാടിന്റെ മുന്നോടിയായി സൗദി അരാംകോ ചെയര്‍മാനും സൗദി വെല്‍ത്ത് ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും മുകേഷ് അംബാനി നടത്തിയേക്കും. ബ്രോക്കറേജ് എച്ച്എസ്ബിസി ഗ്ലോബല്‍ റിസര്‍ച്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൂടാതെ ഏവര്‍ക്കും താങ്ങാവുന്ന സവിശേഷതകളോടുകൂടിയ ജിയോബുക്ക് ഈ വര്‍ഷം റിലയന്‍സ് പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ലാപ്ടോപ്പിന് സമാനമായി ജിയോബുക്ക് പുറത്തിറക്കിയാല്‍ വലിയ വിപ്ലവമായിരിക്കും ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്തുണ്ടാവുക.
ജിയോബുക്കിന് പുറമെ ഗൂഗ്ളിന്റെ പിന്തുണയോടെ ജിയോ 5 ജി ഫോണിന്റെ പ്രഖ്യാപനവും എജിഎമ്മില്‍ നടത്തിയേക്കും. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെല്ലും ഒപ്പത്തിനൊപ്പമാണുള്ളത്. ജിയോ 5 ജി ഫോണ്‍ പ്രഖ്യാപനം നടത്തുകയാണെങ്കില്‍ ഉപഭോക്താക്കളുടെ എണ്ണവും കുത്തനെ വര്‍ധിക്കും. ഡിസംബറോടെ 5 ജി ഫോണ്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ 5 ജി ഫോണിന്റെ സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മിക്കവാറും ആന്‍ഡ്രോയിഡ് അനുഭവമുള്ള എന്‍ട്രി ലെവല്‍ ഹാര്‍ഡ്വെയറായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ ജുലൈയില്‍ റിലയന്‍സ് 33,737 കോടി രൂപ ഗൂഗ്ളില്‍ നിക്ഷേപിച്ച് 7.7 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഭാവിയില്‍ 4ജി, 5 ജി ഫോണുകള്‍ക്കായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മിക്കാനുള്ള പദ്ധതിയും ഈ ഇടപാടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ JioOS എന്ന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോബുക്ക് JioOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അധിഷ്ഠിതമായായിരിക്കും ഉല്‍പ്പാദിപ്പിക്കുകയെന്നാണ് സൂചന. എല്‍ടിഇ കണക്റ്റിവിറ്റിയായിരിക്കും ജിയോബുക്കില്‍ ലഭിക്കുക.
Next Story
Videos